Kottayam Local

കെ.എസ്.ആര്‍.ടി.സി ഓഫിസ് ഉപരോധിച്ചു; ഗ്ലാസ് അടിച്ചു തകര്‍ത്തു

ചങ്ങനാശ്ശേരി: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രണ്ടു ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്റെ (സി. ഐ.ടി.യു) നേതൃത്വത്തില്‍ ഏതാനും ദിവസങ്ങളായി ചങ്ങനാശ്ശേരി ഡിപ്പോയില്‍ നടത്തിവരുന്ന സമരം ആക്രമണത്തിലേക്ക്.

സമരത്തിന്റെ ഭാഗമായി സമരക്കാര്‍ ഇന്നലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസില്‍ അതിക്രമിച്ചു കയറി ഓഫിസ് മേശമേല്‍ സ്ഥാപിച്ചിരുന്ന ഗ്ലാസും മറ്റും അടിച്ചു തകര്‍ക്കുകയും വൈകീട്ട് 4.30ഓടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന രണ്ടാം നില ഉപരോധിക്കുകയും ചെയ്തു. ഉപരോധിച്ച 20ഓളം പ്രവര്‍ത്തകരെ സി.ഐ വി എ നിഷാദ്‌മോന്റെ നേതൃത്വത്തില്‍ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാല്‍ ഓഫിസില്‍ അതിക്രമം കാട്ടിയവരെ അറിയില്ലെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നിലപാടു സ്വീകരിച്ചതോടെ പോലിസിനു കേസെടുക്കാനായില്ല. അതിക്രമം കാട്ടിയ ജീവനക്കാരെ അറിയാമായിരുന്നിട്ടും അറിയില്ലെന്ന നിലപാടു സ്വീകരിച്ച അധികാരികളുടെ നടപടിയില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്്. സമരത്തിന്റെ ഭാഗമയി യൂനിയന്‍ പ്രതിനിധി കഴിഞ്ഞ അഞ്ചു മുതല്‍ ഡിപ്പോയിക്കു മുമ്പില്‍ യാത്രക്കാരുടെ ഇരിപ്പിടം കൈയേറി നിരാഹര സമരം നടത്തിവരികയായിരുന്നു.ഇന്നലെ ഉച്ചയോടെ അവശനായ അദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് മറ്റൊരാള്‍ നിരാഹരസമരം ആരംഭിച്ചിരുന്നു. ഇതിനിടിയില്‍ ഉച്ചക്കു 1.30ഓടെ സമരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഏതാനും പേര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസിലേക്ക് അതിക്രമിച്ചു കയറി അക്രമണം കാട്ടുകയായിരുന്നുവെന്ന് സ്റ്റാന്റിലുണ്ടായിരുന്ന യാത്രക്കാരും മറ്റും പറഞ്ഞു.എന്നാല്‍ വൈകീട്ടോടെ  സമരക്കാര്‍ വീണ്ടും രണ്ടാം നിലയിലെ ഓഫിസുകള്‍ ഉപരോധിക്കുകയും തുടര്‍ന്ന് പോലിസ് എത്തി ഇവരെ അറസ്്റ്റു ചെയ്തു നീക്കുകയായിരുന്നു. ജീവനക്കാര്‍ തമ്മിലുള്ള കൈയേറ്റത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് രണ്ടു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സമരത്തിനിറങ്ങിയത്.
Next Story

RELATED STORIES

Share it