കെ എന്‍ എ ഖാദര്‍ എംഎല്‍എ കലക്ടറേറ്റില്‍ സത്യഗ്രഹം നടത്തി

മലപ്പുറം: ദേശീയപാത സര്‍വേ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍എ മലപ്പുറം കലക്ടറേറ്റില്‍ സത്യഗ്രഹം നടത്തി. 11ാം തിയ്യതിയിലെ സര്‍വകക്ഷി യോഗം നടക്കുംവരെ സര്‍വേ നിര്‍ത്തിവയ്ക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
അരീതോട് പ്രദേശത്ത് പോലിസിന്റെ അതിക്രമം അതിരുകടന്ന സാഹചര്യത്തിലാണു  കെ എന്‍ എ ഖാദര്‍ കലക്ടറേറ്റിലെത്തിയത്. എന്നാല്‍, കലക്ടര്‍ ഉള്‍പ്പെടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന്, എഡിഎം വി രാമചന്ദ്രനുമായി ചര്‍ച്ച നടത്തി. സര്‍വേ നിര്‍ത്തിവയ്ക്കാനാവില്ലെന്ന് എഡിഎം അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഒറ്റയാള്‍ സത്യഗ്രഹം ആരംഭിച്ചത്. ഉച്ചയ്ക്കു ശേഷം വീണ്ടും എഡിഎം ചര്‍ച്ചയ്‌ക്കെത്തിയെങ്കിലും  സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്നു നേതാക്കള്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് വകുപ്പു തലവന്‍മാരുമായി ബന്ധപ്പെട്ട എഡിഎം  11ാം തിയ്യതി വരെ സര്‍വേ നിര്‍ത്തിവയ്ക്കുമെന്ന് ഉറപ്പ് നല്‍കി. ഇതോടെയാണു സത്യഗ്രഹ സമരം അവസാനിപ്പിച്ചത്.
പി ഉബൈദുല്ല എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, വി വി പ്രകാശ്, ഉമര്‍ അറക്കല്‍, എം  എ ഖാദര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി തുടങ്ങിയവര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കലക്ടറേറ്റിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it