Gulf

കെ.എം.സി.സി നേതാവിനെ അക്രമിച്ച് പണം കവര്‍ന്നു

ദമ്മാം: സൗദി ദമ്മാം കെ.എം.സി.സി തൃശൂര്‍ ജില്ലാ ട്രഷറര്‍ ഷെഫീര്‍ അച്ചു പതിയാശ്ശേരിയെ സ്വദേശികളായ മൂന്നംഗ കവര്‍ച്ചാ സംഘം കാറില്‍ കയറി അക്രമിച്ച് രണ്ടായിരത്തോളം സൗദി റിയാല്‍ കൊള്ളയടിച്ചു. ചൊവ്വാഴ്ച രാവിലെ 10.30 ന് നഗരമദ്ധ്യത്തില്‍ സീക്കോ ബില്‍ഡിങ്ങിന് സമീപമുള്ള കിംഗ്ഫഹദ് ജുമാ മസ്ജിദിന് (തലവെട്ട് പള്ളി) സമീപമുള്ള ഹോള്‍സെയില്‍ മാര്‍ക്കറ്റിന് മുന്‍വശത്തെ പാര്‍ക്കിംഗിലാണ് മൂന്നംഗ കവര്‍ച്ചാ സംഘം വധഭീഷണി മുഴക്കി പണം കവര്‍ന്നത്. മറ്റു രേഖകള്‍ നഷ്ടപ്പെട്ടിട്ടില്ല. ജോലിക്ക് പോകുന്നതിനായി വാഹനം തുറന്ന ഉടനെ അക്രമികള്‍ വാഹനത്തില്‍ അതിക്രമിച്ച് കയറിയാണ് കവര്‍ച്ച നടത്തിയതെന്ന് ഷെഫീര്‍അച്ചു പറഞ്ഞു. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുള്‍ റഹിമിന്റെ നേതൃത്വത്തില്‍ ദമ്മാം മസ്‌റൂഇയ്യ പേലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ദമ്മാം ഗുര്‍നാത്തയിലും പരിസരത്തുമായി ജനവാസമുള്ള പ്രദേശത്ത് അമ്പതോളം വീടുകള്‍ കൊള്ളയടിക്കപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പകല്‍ വെളിച്ചത്തില്‍ ഉണ്ടായ ഈ അതിക്രമവും കവര്‍ച്ചയും അന്വേഷിക്കുന്നതിന് മസ്‌റൂഇയ്യ പോലിസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it