കെ എം ഷാജിക്കെതിരേ ലീഗ് മുന്‍ നേതാവ് ഹൈക്കോടതിയില്‍

കണ്ണൂര്‍: സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ മുസ്‌ലിംലീഗ് നേതാവും എംഎല്‍എയുമായ കെ എം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത നടപടിക്കെതിരേ ലീഗ് മുന്‍ പ്രാദേശിക നേതാവ് ഹൈക്കോടതിയെ സമീപിച്ചു. മുസ്‌ലിംലീഗ് അഴീക്കോട് മണ്ഡലം സെക്രട്ടറിയും എംഎസ്എഫ് മണ്ഡലം, ജില്ലാ നേതാവും തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് യുയുസിയുമായിരുന്ന നൗഷാദ് പൂതപ്പാറ അഡ്വ. പി റഊഫ് മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്. അക്ഷയ ജില്ലാ മുന്‍ കോ-ഓഡിനേറ്ററും കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്‌ലാം സഭ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമാണ് നൗഷാദ്. കേസില്‍ കോടതി നടപടി നിര്‍ത്തിവയ്ക്കാനും കെ എം ഷാജിക്കും അറസ്റ്റ് ചെയ്ത വളപട്ടണം എസ്‌ഐയായിരുന്ന ശ്രീജിത്ത് കൊടേരിക്കും നോട്ടീസ് അയക്കാനും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി എബ്രഹാം മാത്യു ഉത്തരവിട്ടു.
കെ എം ഷാജിക്കെതിരായ അഴിമതി ആരോപണം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നൗഷാദ് പൂതപ്പാറയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. പാര്‍ട്ടി വേദിയില്‍ ഉന്നയിച്ച ആരോപണം സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് നൗഷാദ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് അനുവദിക്കാന്‍ ലീഗ് നേതൃത്വം ഇടപെട്ടിരുന്നു. കോഴ്‌സ് അനുവദിച്ചാല്‍ സ്‌കൂള്‍ ഭാരവാഹികള്‍ പൂതപ്പാറയിലെ പാര്‍ട്ടി ഓഫിസ് നിര്‍മാണ ഫണ്ടിലേക്ക് 25 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ധാരണ. തുടര്‍ന്ന് 2014ല്‍ സ്‌കൂളിന് പ്ലസ്ടു കോഴ്‌സ് അനുവദിച്ചു. വാഗ്ദാനപ്രകാരമുള്ള 25 ലക്ഷം രൂപ നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചെങ്കിലും കെ എം ഷാജി ഇടപെട്ട് തുക നല്‍കേണ്ടെന്നും തുടര്‍നടപടികള്‍ തന്റെ നിര്‍ദേശപ്രകാരം മാത്രം മതിയെന്നും നിര്‍ദേശിച്ചെന്നാണ് ലീഗ് നേതാക്കള്‍ ആരോപിച്ചിരുന്നത്. ഇതനുസരിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് തുക നല്‍കിയില്ല. എന്നാല്‍ 2017 ജൂണില്‍ ചേര്‍ന്ന സ്‌കൂള്‍ കമ്മിറ്റി ജനറല്‍ ബോഡിയില്‍ പ്ലസ്ടു അനുവദിക്കലുമായി ബന്ധപ്പെട്ട് ചെലവാക്കിയ തുകയുടെ കണക്ക് അവതരിപ്പിച്ചപ്പോള്‍ പാര്‍ട്ടിക്കു ലഭിക്കേണ്ട 25 ലക്ഷം രൂപ കെ എം ഷാജി തട്ടിയെടുത്തെന്നും സ്‌കൂള്‍ മാനേജരില്‍ നിന്ന് നേരിട്ട് പണം വാങ്ങിയെന്നുമാണ് ലീഗ് പ്രാദേശിക നേതാക്കള്‍ മേല്‍ക്കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
പാര്‍ട്ടിയോട് ആലോചിക്കാതെ ഭീമമായ തുക കോഴ വാങ്ങിയ കെ എം ഷാജിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൂതപ്പാറ ശാഖാ കമ്മിറ്റി ഭാരവാഹികളാണ് നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍, നൗഷാദ് പൂതപ്പാറ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കെ എം ഷാജി പോലിസിനു പരാതിനല്‍കി. നാട്ടില്‍ കലാപം സൃഷ്ടിക്കുന്ന രീതിയില്‍ ദുഷ്പ്രചാരണം നടത്തുകയാണെന്നു ജില്ലാ പോലിസ് ചീഫിനു പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലും വളപട്ടണം പോലിസും അന്വേഷണം നടത്തിയാണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്. വിവാദത്തെ തുടര്‍ന്ന് നൗഷാദ് പൂതപ്പാറയെ മുസ്‌ലിം ലീഗില്‍ നിന്ന് പുറത്താക്കിയിരുന്നു.
Next Story

RELATED STORIES

Share it