Districts

കെ എം മാണിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം; ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ എം മാണിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതാക്കള്‍ ഗവര്‍ണര്‍ക്കു നിവേദനം നല്‍കി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് എല്‍ഡിഎഫ് നേതാക്കള്‍ ഇന്നലെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ സന്ദര്‍ശിച്ചത്.
കെ എം മാണിയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രിയോടു നിര്‍ദേശിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളില്‍നിന്നു കെ എം മാണി 50 ലക്ഷം രൂപ കോഴ കൈപ്പറ്റിയതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ റിപോര്‍ട്ട് കോടതി തള്ളുകയും മാണിക്കെതിരേ തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ജനാധിപത്യപരവും ധാര്‍മികവുമായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കെ എം മാണിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രിയോടു നിര്‍ദേശിക്കണമെന്നും എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നു ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം വി എസ് അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മാണിക്കെതിരേ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും വിഎസ് പറഞ്ഞു. വിഎസിനോടൊപ്പം ഇടതുമുന്നണിയിലെ കക്ഷിനേതാക്കളായ സി ദിവാകരന്‍, സി കെ നാണു, എ കെ ശശീന്ദ്രന്‍ എന്നിവരാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്.
Next Story

RELATED STORIES

Share it