Districts

കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സിലെ യുവനിര

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ്സിന് മന്ത്രി കെ എം മാണിയെ സംരക്ഷിക്കേണ്ട ആവശ്യമില്ലെന്ന അഭിപ്രായവുമായി കോണ്‍ഗ്രസ്സിലെ യുവനിര. പലരും കടുത്ത ഭാഷയില്‍ മാണിയുടെ രാജി ആവശ്യപ്പെട്ടു. മാണിയെ ഇനിയും ചുമക്കാന്‍ കഴിയില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ നേതൃത്വത്തെ തിരുത്തേണ്ടിവരും. ഇനി മിണ്ടാതിരിക്കാന്‍ സാധിക്കില്ല. മാണി തന്നെ ഉചിതമായ തീരുമാനമെടുക്കണം. മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇത്രയുംകാലം മുഖ്യമന്ത്രിയെടുത്ത നിലപാടുകള്‍ തെറ്റായിരുന്നെന്നും സതീശന്‍ പറഞ്ഞു.
മാണിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ടി എന്‍ പ്രതാപന്‍ പറഞ്ഞു. ഞങ്ങളൊക്കെ രണ്ടാംനിരയിലുള്ള നേതാക്കളാണ്. നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നാണു കരുതുന്നത്. മാണി എത്രയും വേഗം രാജിവച്ച് മാതൃക കാണിക്കുകയാണു വേണ്ടത്. കേരളത്തിലെ പൊതുപ്രവര്‍ത്തകരെ അദ്ഭുതപ്പെടുത്തുന്നതാണു കോടതിവിധി. ഇനി മാണി രാജിവച്ചില്ലെങ്കില്‍ ജനങ്ങളോടു കാണിക്കുന്ന വെല്ലുവിളിയാവും. മാണിയുടെ രാജിക്കായി മുഖ്യമന്ത്രിയും മറ്റു നേതാക്കളും ഇടപെടണം. വിജിലന്‍സ് വിധി വന്നപ്പോള്‍ തന്നെ രാജിവച്ചിരുന്നെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വിജയം നേടാന്‍ സാധിക്കുമായിരുന്നെന്നും പ്രതാപന്‍ പറഞ്ഞു. കോടതിയുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി മാണി രാജിവയ്ക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ ആവശ്യപ്പെട്ടു. മാണിക്ക് രാജിയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. യുഡിഎഫ് നേതൃത്വത്തില്‍നിന്ന് ഉചിതമായ തീരുമാനം പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി പരാമര്‍ശങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സതീശന്റെയും പ്രതാപന്റെയും അഭിപ്രായങ്ങള്‍ കേട്ടു. എന്നാല്‍, യുഡിഎഫില്‍ ചര്‍ച്ചചെയ്യും മുമ്പ് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തമായ അഭിപ്രായങ്ങള്‍ ഇക്കാര്യത്തിലുണ്ട്. അത് പാര്‍ട്ടിവേദികളില്‍ പറയുമെന്നും ചെന്നിത്തല പ്രതികരിച്ചു. മാണിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശം പാര്‍ട്ടി ഗൗരവമായി ചര്‍ച്ചചെയ്യുമെന്ന് കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും പാര്‍ട്ടിയുടെ വക്താവായാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it