കെ എം മാണിയും എത്തിയില്ല; സര്‍ക്കാര്‍ വാര്‍ഷികാഘോഷം യുഡിഎഫ് ബഹിഷ്‌കരിച്ചു

കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം യുഡിഎഫ് ബഹിഷ്‌കരിച്ചു. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടന്ന ചടങ്ങിന് മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ എം മാണിയും എത്തിയില്ല. യുഡിഎഫ് ബഹിഷ്‌കരിക്കുമെന്നു നേരത്തേ പ്രഖ്യാപിക്കുകയും വഞ്ചനാദിനമായി ആചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെ എം മാണിയെയും ആശംസാപ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
നിലവില്‍ ഒരു മുന്നണിയുടെയും ഭാഗമല്ലാത്ത കേരളാ കോണ്‍ഗ്രസ്സിന്റെ നേതാവ് ചടങ്ങില്‍ പങ്കെടുക്കുകയാണെങ്കില്‍ അത് അവരുടെ രാഷ്ട്രീയ നിലപാടു സംബന്ധിച്ച സൂചനയാവുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിന് കെ എം മാണി എത്തിയില്ല. മന്ത്രിസഭാ വാര്‍ഷികവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ബഹിഷ്‌കരിക്കാനാണു യുഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി ആശംസാപട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ. എം കെ മുനീര്‍, അനൂപ് ജേക്കബ് എംഎല്‍എ എന്നിവരും പ്രതിപക്ഷ എംഎല്‍എമാരും പങ്കെടുത്തില്ല. ബിജെപി പക്ഷത്തുനിന്നുള്ള ഒ രാജഗോപാല്‍ എംഎല്‍എ, തലശ്ശേരി സ്വദേശിയായ റിച്ചാര്‍ഡ് ഹേ എംപി എന്നിവരും വിട്ടുനിന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടെങ്കിലും പിന്നീടു നടന്ന മലപ്പുറം ലോക്‌സഭ, വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ലീഗ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ടിനാണ് ആഹ്വാനം ചെയ്തത്.
Next Story

RELATED STORIES

Share it