Flash News

കെ എം ജോസഫിന്റെ നിയമനം: കൊളീജിയം ഉറച്ചുനില്‍ക്കും

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചുനില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്.
കൊളീജിയത്തിന്റെ ശുപാര്‍ശ മടക്കി സര്‍ക്കാര്‍ നല്‍കിയ കത്തിന് വസ്തുതകളും കീഴ്‌വഴക്കങ്ങളും ചൂണ്ടിക്കാട്ടി മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ നടപടിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച സുപ്രിംകോടതി കൊളീജിയം യോഗം ചേരാനിരിക്കെയാണ് കൊളീജിയത്തിലെ അംഗം കൂടിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് ജോസഫിനേക്കാള്‍ സീനിയറും യോഗ്യരുമായ വേറെ ചീഫ് ജസ്റ്റിസുമാര്‍ നിലവിലുണ്ടെന്നും കേരള ഹൈക്കോടതിക്ക് മതിയായ പ്രാതിനിധ്യമുണ്ടെന്നുമുള്ള ന്യായീകരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൊളീജിയം നല്‍കിയ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കിയത്.
നേരത്തേ 2017ലും ജസ്റ്റിസ് ജോസഫിന്റെ പേര് ജസ്റ്റിസുമാരായ എസ് കെ കൗള്‍, എം മോഹന ശാന്തന ഗൗഡര്‍, അബ്ദുല്‍ നസീര്‍, നവീന്‍ സിന്‍ഹ, ദീപക് ഗുപ്ത എന്നിവര്‍ക്കൊപ്പം സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നതിനു ശുപാര്‍ശ ചെയ്തിരുന്നു. മാത്രമല്ല, ആരോഗ്യകാരണങ്ങളാല്‍ ഉത്തരാഖണ്ഡില്‍ നിന്ന് അദ്ദേഹം സ്ഥലംമാറ്റം ആവശ്യപ്പെടുകയും കൊളീജിയം അദ്ദേഹത്തെ ആന്ധ്ര-തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിനു ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, നാളിതുവരെ കേന്ദ്രസര്‍ക്കാര്‍ ആ ഫയലില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇതു സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടുന്നു.
സുപ്രിംകോടതി കൊളീജിയം നല്‍കുന്ന ശുപാര്‍ശയില്‍ തൃപ്തിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ആദ്യം മടക്കി അയക്കാമെങ്കിലും ശുപാര്‍ശ കൊളീജിയം വീണ്ടും നല്‍കിയാല്‍ അത് അംഗീകരിക്കണമെന്നാണു വ്യവസ്ഥ. ഇത്തരം നടപടികള്‍ നേരത്തേയും ഉണ്ടായിട്ടുണ്ടെങ്കിലും മതിയായ കാരണങ്ങളില്ലാതെ ശുപാര്‍ശ മടക്കുന്നതിനെ കോടതി ശക്തമായി വിലക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it