Flash News

കെ എം ജോസഫിന്റെ നിയമനംസുപ്രിംകോടതി കൊളീജിയം ബുധനാഴ്ച ചേര്‍ന്നേക്കും

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കി അയച്ചത് വിവാദമായ സാഹചര്യത്തില്‍ അടുത്തയാഴ്ച സുപ്രിംകോടതി കൊളീജിയം യോഗം ചേര്‍ന്നേക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടങ്ങുന്ന അഞ്ചംഗ കൊളീജിയം  യോഗം ചേരുന്ന കാര്യം വെള്ളിയാഴ്ച  മറ്റു നാലംഗങ്ങളെയും അറിയിച്ചതായാണ് വിവരം. വാരാന്ത്യ അവധിയും ബുദ്ധ പൂര്‍ണിമയും കഴിഞ്ഞ് ഇനി ചൊവ്വാഴ്ചയാണ് കോടതി തുറക്കുക. ബുധനാഴ്ച നടക്കുന്ന കൊളീജിയത്തിന്റെ ഔദ്യോഗിക അജണ്ട അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിട്ടില്ലെങ്കിലും ജസ്റ്റിസ് ജോസഫിന്റെ ശുപാര്‍ശ മടക്കി അയച്ച കേന്ദ്ര  നടപടിയാണു യോഗത്തില്‍ ചര്‍ച്ചയാവുകയെന്നാണു കരുതപ്പെടുന്നത്.
ജസ്റ്റിസ് ജോസഫിനെ സുപ്രിംകോടതി ജഡ്ജിയാക്കണമെന്ന ശുപാര്‍ശ മടക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ കൊളീജിയം വിളിച്ചുചേര്‍ത്ത് ഉചിതമായ തീരുമാനം എടുക്കാന്‍ ചീഫ് ജസ്റ്റിസിനുമേല്‍ സമ്മര്‍ദമേറിയിരുന്നു. സുപ്രിംകോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസുമാരടക്കം രാജ്യത്തെ പ്രമുഖ നിയമവിദഗ്ധരെല്ലാം കൊളീജിയം വിളിച്ചുചേര്‍ക്കാന്‍ തയ്യാറാവാത്ത ചീഫ് ജസ്റ്റിസിന്റെ നടപടിക്കെതിരെയും കൊളീജിയത്തിന്റെ ശുപാര്‍ശ തള്ളിയ കേന്ദ്രസര്‍ക്കാരിനെതിരെയും കഴിഞ്ഞദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. 2016ല്‍ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് ഭരണം അട്ടിമറിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ മോദി സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ കെ എം ജോസഫിന്റെ നടപടിയാണു കേന്ദ്രത്തിന് അദ്ദേഹത്തോട് അനിഷ്ടത്തിനിടയാക്കിയതെന്നാണ് ആക്ഷേപം.
കെ എം ജോസഫിന്റെ നിയമനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് നല്‍കിയ കത്തിന്റെ പകര്‍പ്പ് വെള്ളിയാഴ്ച കൊളീജിയത്തിലെ മറ്റു നാലംഗങ്ങള്‍ക്കും ചീഫ് ജസ്റ്റിസ് കൈമാറിയിരുന്നു.
Next Story

RELATED STORIES

Share it