കെ ആര്‍ നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്  11ന് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

കോട്ടയം: കോട്ടയം ജില്ലയിലെ തെക്കുംതലയില്‍ കേരള സര്‍ക്കാര്‍ സ്ഥാപിച്ച സിനിമാ പഠനകേന്ദ്രം കെ ആര്‍ നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിന്റെ ഉദ്ഘാടനം ഈ മാസം 11ന് നടക്കും. വൈകീട്ട് 3.15ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ മൂന്നാമത്തെയും ദേശീയ സിനിമാ പഠനകേന്ദ്രമാണിത്. മൂന്നു ബ്ലോക്കുകളായാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. അഡ്മിനിസ്‌ട്രേഷന്‍, സിനിമാട്ടോഗ്രഫി, ആക്ടിങ്, എഡിറ്റിങ്, ഡയറക്ഷന്‍ എന്നീ ബ്ലോക്കുകളാണ് പൂര്‍ത്തിയായത്. ഹോസ്റ്റലുകളുടെ നിര്‍മാണവും പൂര്‍ത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു.
മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്‌സിന്റെ ആദ്യബാച്ച് 2014ലാണ് ആരംഭിച്ചത്. ആറു വിഷയങ്ങളില്‍ 10 പേര്‍ വീതം 60 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം ലഭിച്ചത്. വിദ്യാര്‍ഥികള്‍ കാംപസില്‍ തന്നെ താമസിക്കണമെന്ന് നിര്‍ബന്ധമാണ്. 35,000 രൂപയാണ് കോഴ്‌സ് ഫീ. ഓള്‍ ഇന്ത്യാ പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സ്‌ക്രിപ്റ്റ് റൈറ്റിങ് ആന്റ് ഡയറക്ഷന്‍, എഡിറ്റിങ്, സിനിമാട്ടോഗ്രഫി, ഓഡിയോഗ്രഫി, അനിമേഷന്‍ ആന്റ് വിഷ്വല്‍ എഫക്ട്‌സ്, ആക്ടിങ് എന്നിവയാണ് കോഴ്‌സുകള്‍. 12 അധ്യാപകരെയും 12 ഡെമോണ്‍സ്‌ട്രേറ്റര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്. 500 പേര്‍ക്ക് ഇരിക്കാവുന്ന തിയേറ്ററിന്റെ നിര്‍മാണം രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കും. ലോകോത്തര നിലവാരമുള്ള ഡിജിറ്റല്‍ പഠനോപകരണങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. 8.75 കോടിയോളം രൂപ ഇതിനായി വിനിയോഗിച്ചു. ഓഡിറ്റോറിയം, മിക്‌സിങ് സ്റ്റുഡിയോ, ഷൂട്ടിങ് ഫ്‌ളോര്‍ എന്നിവയുടെ നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാവും. കാന്റീന്‍ കരാര്‍ നല്‍കിയിരിക്കുന്നത് കുടുംബശ്രീക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍സ്റ്റിറ്റിയൂട്ടിനെ ഭാവിയില്‍ സിനിമാ ഗവേഷണ കേന്ദ്രമായി വികസിപ്പിക്കാനാണ് പദ്ധതിയെന്നും മുഖ്യമന്ത്രി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ ആര്‍ നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഗവേണിങ് കൗണ്‍സില്‍ ഡയറക്ടര്‍ ജി രാജശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കലക്ടര്‍ യു വി ജോസ്, ജില്ലാ പോലിസ് മേധാവി സതീഷ് ബിനോ, ഗവേണിങ് കൗണ്‍സില്‍ വൈസ്‌ചെയര്‍മാന്‍ ജോഷി മാത്യു പങ്കെടുത്തു.
Next Story

RELATED STORIES

Share it