കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

കോട്ടയം: ലോകോത്തര നിലവാരമുള്ള കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും സൃഷ്ടിക്കാന്‍ കെ ആര്‍ നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിനു കഴിയുമെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. കോട്ടയം അകലക്കുന്നം ഗ്രാമപ്പഞ്ചായത്ത് തെക്കുംഭാഗത്ത് ആരംഭിച്ച ഇന്ത്യയിലെ മൂന്നാമത്തെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര ചലച്ചിത്ര മേളയിലൂടെ ലോക സിനിമാ ഭൂപടത്തില്‍ ഇടംനേടിയ കേരളം ഇത്തരം ഒരു ദേശീയ സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ വളക്കൂറുള്ള മണ്ണാണ്. താഴെത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന് രാഷ്ട്രപതി സ്ഥാനം അലങ്കരിച്ച കെ ആര്‍ നാരായണന്റെ നാമധേയത്തില്‍ ഈ സ്ഥാപനം ആരംഭിച്ചത് ഉചിതമായി. ചലച്ചിത്ര രംഗത്ത് ഉന്നതനിലവാരം പുലര്‍ത്തുന്ന ഗവേഷണ കേന്ദ്രമായി മാറാന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനു കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ മേധാവി ജി ശങ്കറെ ഉപരാഷ്ട്രപതി മൊമന്റോ നല്‍കി ആദരിച്ചു. ലോക സിനിമയ്ക്ക് പുതിയ കലാകാരന്മാരെയും സിനിമാ നിര്‍മാതാക്കളെയും സംഭാവന ചെയ്യാന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനു കഴിയണമെന്ന് വിശിഷ്ടാതിഥി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി കെ അബ്ദുറബ്ബ്, എംപിമാരായ ജോസ് കെ മാണി, ആന്റോ ആന്റണി, എംഎല്‍എമാരായ കെ എം മാണി, എന്‍ ജയരാജ്, എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, കോട്ടയം ജില്ലാ കലക്ടര്‍ യു വി ജോസ് സംസാരിച്ചു.
അതേസമയം, കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് കേന്ദ്രീകരിച്ച് ഫിലിം ഹബ്ബിനു രൂപം കൊടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മൂന്നാര്‍, വാഗമണ്‍, കുട്ടിക്കാനം, കുമരകം എന്നീ പ്രകൃതിരമണീയ സ്ഥലങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുക. വിദേശ രാജ്യങ്ങളിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകളുമായി ചേര്‍ന്ന് സിനിമയുമായി ബന്ധപ്പെട്ട സാംസ്‌കാരിക വിനിമയ പരിപാടികള്‍ സംഘടിപ്പിക്കും. ഇന്‍സ്റ്റിറ്റിയൂട്ടിനെ കല്‍പ്പിത സര്‍വകലാശാലയാക്കുന്നതിന് സര്‍ക്കാരിനു പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it