thiruvananthapuram local

കെസ്മാ പ്രയോഗിച്ച് പിടിച്ചെടുത്ത ലോറികള്‍ ഓടിത്തുടങ്ങി

കഴക്കൂട്ടം: 10 ദിവസമായി വിതരണം മുടങ്ങിക്കിടന്ന മേനംകുളത്തെ ഭാരത് പെട്രോളിയം കോര്‍പറേഷനിലെ പാചകവാതക വിതരണം ഇന്നലെ മുതല്‍ പുനരാരംഭിച്ചു.
സമരത്തിലായിരുന്ന 55 ലോറികള്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ കെസ്മാ പ്രയോഗിച്ച് പിടിച്ചെടുക്കുകയായിരുന്നു.
തുടര്‍ന്ന് വിതരണം പൂര്‍ണമായി നിലച്ചിരുന്ന കൊല്ലം, തിരുവനന്തപുരം ജില്ലയിലും ഭാഗികമായി വിതരണം നിലച്ചിരുന്ന ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഇതോടെ വിതരണം ആരംഭിച്ചു. രണ്ടുവര്‍ഷത്തെ കരാര്‍ ഒക്ടോബര്‍ അവസാനത്തോടെ അവസാനിച്ചതോടെ മുന്നറിയിപ്പില്ലാതെ കൂലി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലോറി ഉടമകള്‍ സമരം ആരംഭിച്ചത്.
എന്നാല്‍ രണ്ടുവര്‍ഷമാണ് കരാറെങ്കിലും ഒരുവര്‍ഷംകൂടി ഇതേകൂലിക്ക് ലോറികള്‍ ഓടണമെന്നതാണ് നിയമം. പ്രശ്‌നം രൂക്ഷമായതോടെ കബനി അധികൃതര്‍ ജില്ലാകലക്ടര്‍ ബിജു പ്രഭാകറിന് പരാതി നല്‍കുകയും ഒക്ടോബര്‍ രണ്ടിന് സര്‍ക്കാര്‍ ആവശ്യസാധന നിയമപ്രകാരം ലോറികള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിറക്കുകയുമായിരുന്നു.
ഉത്തരവ് വന്നിട്ടും സഹകരിക്കാതിരുന്ന കരാറുകാരുടെ ലോറികളാണ് കഴിഞ്ഞദിവസം എഡിഎമ്മിന്റെ നേതൃത്വത്തില്‍ ആര്‍ഡിഒ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ മുതല്‍ വിതരണസംവിധാനം പൂര്‍ണതയിലെത്തിച്ചത്.
Next Story

RELATED STORIES

Share it