കെസിബിസി മദ്യവിരുദ്ധ സമിതി പ്രക്ഷോഭത്തിന്

കൊച്ചി: നടപടിക്രമങ്ങള്‍ പാലിക്കാതെയും നയവിരുദ്ധമായും ബ്രൂവറികളും ഡിസ്റ്റ്‌ലറിയും ആരംഭിക്കാനുള്ള നീക്കത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെയും കേരള മദ്യവിരുദ്ധ ഏകോപനസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രക്ഷോഭം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി എറണാകുളത്ത് ഇന്ന് നില്‍പുസമരം നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അറിയിച്ചു.
രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ എറണാകുളം ടൗണ്‍ഹാളിനു മുമ്പിലാണ് നില്‍പുസമരം. മദ്യത്തിന്റെ ലഭ്യത യാതൊരുകാരണവശാലും വര്‍ധിപ്പിക്കുകയില്ലെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ ഘട്ടംഘട്ടമായി മദ്യലഭ്യത വര്‍ധിപ്പിച്ച് കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന്് അഡ്വ. ചാര്‍ളി പോള്‍ പറഞ്ഞു. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരള ജനതയെ മദ്യപ്രളയത്തില്‍ ആഴ്ത്താനുള്ള നീക്കം ഒറ്റെക്കട്ടായി ചെറുക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ത്രീ സ്റ്റാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മദ്യശാലകളും തുറന്നുകൊടുത്തു. ബിവറേജ് ഔട്ട്‌ലറ്റുകള്‍ 10 ശതമാനം പൂട്ടിക്കൊണ്ടിരുന്നത് നിര്‍ത്തലാക്കി.
സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നിലപാടുകളും മദ്യത്തിനും മദ്യമുതലാളിമാര്‍ക്കും വേണ്ടിയാണെന്നും അഡ്വ. ചാര്‍ളി പോള്‍ പറഞ്ഞു. ബിഷപ് ഡോ. ജോസഫ് കാരിക്കാശ്ശേരി നില്‍പുസമരം ഉദ്ഘാടനം ചെയ്യും. കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും.



Next Story

RELATED STORIES

Share it