കെവിന്‍ വധക്കേസ്‌ : ഐജി അന്വേഷണപുരോഗതി അറിയിക്കണം

കോട്ടയം: കെവിന്‍ വധക്കേസില്‍ അന്വേഷണപുരോഗതിയെപ്പറ്റി വിശദീകരിക്കാന്‍ ദക്ഷിണമേഖലാ ഐജിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. വിഷയത്തില്‍ സ്വമേധയാ കേസെടുത്ത കമ്മീഷന് ഡിജിപി നല്‍കിയ പ്രാഥമിക റിപോര്‍ട്ട് പരിശോധിച്ച ശേഷമാണ് വിശദമായ റിപോര്‍ട്ട് നല്‍കാന്‍ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഐജി വിജയ് സാക്കറയോട് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടത്.
കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ വീഴ്ചവരുത്തിയ എസ്‌ഐ എം എസ് ഷിബു, എഎസ്‌ഐമാരായ സണ്ണിമോന്‍, ടി എസ് ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും ഡിജിപി കമ്മീഷന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. കോട്ടയം എസ്പിയുടെ റിപോര്‍ട്ടിനെ ആശ്രയിച്ചാണ് ഡിജിപിയും റിപോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. അന്വേഷണപുരോഗതിയെപ്പറ്റി വിശദീകരിക്കേണ്ടത് ചുമതലയുള്ള ഐജിയാണെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്നാണ് ഐജിയോട് റിപോര്‍ട്ട് തേടാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.
കെവിന്‍ വധക്കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തെങ്കിലും കെവിന്റെ കുടുംബങ്ങളാരും സിറ്റിങില്‍ കമ്മീഷന് മുമ്പാകെ ഹാജരായില്ല. സ്വമേധയാ കേസെടുക്കുന്ന സംഭവങ്ങളിലൊന്നും ബന്ധപ്പെട്ടവര്‍ ആരും ഹാജരാവാറില്ലെന്നും പലപ്പോഴും കമ്മീഷന്‍ തന്നെ വാദിയാവേണ്ട സ്ഥിതിയാണെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ അഭിപ്രായപ്പെട്ടു.
എറണാകുളം തൃപ്പൂണിത്തുറയില്‍ ട്രാന്‍സ്‌ജെന്‍ഡറിന് മര്‍ദനമേറ്റ സംഭവത്തില്‍ എറണാകുളം സിറ്റി പോലിസ് കമ്മീഷണറോട് കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെടും.
തൃപ്പൂണിത്തുറയില്‍ വച്ച് ക്രൂരമായി മര്‍ദനമേറ്റെന്നും പരാതിപ്പെട്ടപ്പോള്‍ സിഐ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it