കെവിന്‍ വധംപോലിസ് വീഴ്ച അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പി അന്വേഷിക്കും

കോട്ടയം: കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ടു ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ പോലിസുകാരുടെ വീഴ്ച കോട്ടയം അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പി അന്വേഷിക്കും. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു പോലിസുകാര്‍ക്ക് നോട്ടീസ് നല്‍കും. മുഴുവന്‍ നടപടികളും ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണു ഡിജിപിയുടെ നിര്‍ദേശം.
ആരോപണവിധേയരായ എസ്‌ഐ എം എസ് ഷിബു, എഎസ്‌ഐമാരായ ബിജു, സണ്ണിമോന്‍, ഡ്രൈവര്‍ അജയകുമാര്‍ എന്നിവരോടാണു വിശദീകരണം തേടുക. അതിനിടെ, ഷാനു ചാക്കോ, ചാക്കോ, മനു എന്നീ പ്രതികളെ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണു കോടതി നടപടി. ഇവരെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയില്‍ വേണമെന്നു പോലിസ് അപേക്ഷ നല്‍കി.
അപേക്ഷ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നു പരിഗണിക്കും. ഷാനു ചാക്കോ, ചാക്കോ, മനു എന്നിവര്‍ കേസിലെ ഒന്നും അഞ്ചും ആറും പ്രതികളാണ്. കേസിലെ പ്രതികളായ വിഷ്ണു, ഷെരീഫ്, എസ് ഷാനു, ഷിനു, റമീസ് എന്നിവരെ ഏഴു ദിവസത്തേ—ക്കു പോലിസ് കസ്റ്റഡിയില്‍ വിട്ടു. പോലിസുകാര്‍ക്ക് കൈക്കൂലി വാങ്ങിയ കേസില്‍ ഷാനു ചാക്കോയെ ചോദ്യംചെയ്യുന്നതിനായി വിട്ടുകിട്ടുന്നതിനു രാവിലെ കോടതി അനുമതി നല്‍കിയിരുന്നു. കൈക്കൂലിക്കേസ് അന്വേഷിക്കുന്ന ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ ശ്രീകുമാര്‍ നല്‍കിയ അപേക്ഷയിലായിരുന്നു കോടതി നടപടി.
കെവിന്‍ കൊലപാതകക്കേസില്‍ പ്രതികള്‍ക്കു ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നു പരിശോധിക്കുമെന്നു കോട്ടയം എസ്പി ഹരിശങ്കര്‍ അറിയിച്ചു. പ്രതികളുടെ പക്കല്‍ നിന്നു വടിവാള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവരുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആയുധങ്ങളുടെ ഉറവിടം കണ്ടെത്തുമെന്നും എസ്പി അറിയിച്ചു.
അനീഷ് നല്‍കിയ മൊഴിയില്‍ കെവിനെ തട്ടിക്കൊണ്ടുപോവുമ്പോള്‍ പ്രതികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചിരുന്നതായി പറഞ്ഞിരുന്നു. തെളിവെടുപ്പില്‍ ഈ ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തതോടെയാണു പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ആയുധം കൃത്യത്തിനു വേണ്ടി നിര്‍മിച്ചതാണോ, അതോ കൈവശമുള്ളതാണോ എന്നും അന്വേഷിച്ചുവരികയാണെന്നും എസ്പി അറിയിച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ മുങ്ങിമരണമെന്നാണെങ്കിലും കെമിക്കല്‍ അനാലിസിസ് നടത്തിയിട്ടേ അന്തിമ നിഗമനത്തിലെത്താന്‍ കഴിയൂ. പരിക്കുകളുടെ വിശദ വിവരങ്ങള്‍ റിപോര്‍ട്ടിലുണ്ട്. പരിക്കുകള്‍ക്കു മരണവുമായി ബന്ധമുണ്ടോ എന്നു വിശദ പരിശോധനയിലേ സ്ഥിരീകരിക്കാനാവൂ. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഇക്കാര്യം പരിശോധിക്കുന്നുണ്ട്. വീഴ്ചവരുത്തിയെന്നു പ്രാഥമികമായി കണ്ടെത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആര്‍ക്കൊക്കെ വീഴ്ച പറ്റിയിട്ടുണ്ടെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it