കെവിന്‍ വധംപോലിസുകാരെ പിരിച്ചുവിടുന്നതിന് നിയമതടസ്സമില്ലെന്ന് ആഭ്യന്തര വകുപ്പ്‌

തിരുവനന്തപുരം: പ്രണയവിവാഹത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയത്തെ കെവിന്‍ പി ജോസഫിനെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തുന്നതില്‍ വീഴ്ച വരുത്തിയ പോലിസുകാരെ പിരിച്ചുവിടുന്നതിന് നിയമതടസ്സമില്ലെന്ന് ആഭ്യന്തരവകുപ്പ്. കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പിരിച്ചുവിടണോ തരംതാഴ്ത്തണോ എന്നു തീരുമാനിക്കുക. ഇതുസംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐ അടക്കം നാലുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
കെവിനെ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയത് അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്‌ഐ എം എസ് ഷിബു, എഎസ്‌ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കാണ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുക. ഇവര്‍ക്കെതിരായ നടപടിയില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതിന്റെ നിയമസാധുത പരിശോധിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയോടും ഡിജിപിയോടും നിര്‍ദേശിച്ചിരുന്നു.
കേരള പോലിസ് ആക്റ്റില്‍ 2012ല്‍ കൊണ്ടുവന്ന ഭേദഗതിപ്രകാരം വകുപ്പുതല അന്വേഷണം നടത്തി പിരിച്ചുവിടാനാവും. ഇതിനു മുമ്പ് ആരോപണവിധേയരുടെ വിശദീകരണം വാങ്ങണമെന്നും ചട്ടത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ക്ക് ഡിജിപി തുടക്കമിടുകയും ചെയ്തു. ഐജി വിജയ് സാഖറെ നടത്തുന്ന അന്വേഷണത്തിന് പുറമെ കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുതിയ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കേസില്‍ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ അറസ്റ്റിലായശേഷം ജാമ്യം ലഭിച്ച ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ പോലിസുകാരുടെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ഹൈക്കോടതിയെ സമീപിക്കും. കൈക്കൂലി കേസ് അന്വേഷിക്കുന്ന ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ ശ്രീകുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നു ഹൈക്കോടതിയില്‍ ഹരജി നല്‍കും.
Next Story

RELATED STORIES

Share it