Kollam Local

കെവിന്‍ കൊലപാതകം; പ്രതിയുടെ വീടിനടുത്ത് നിന്ന് വാളുകള്‍ കണ്ടെത്തി

കൊല്ലം:കെവിന്‍ വധക്കേസില്‍ പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വാളുകള്‍ കണ്ടെത്തി. പ്രതി വിഷ്ണുവിന്റെ പുനലൂരിലെ വീടിനടുത്തെ തോട്ടില്‍ നിന്നാണ് നാലു വാളുകള്‍ കണ്ടെത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇവ കേസില്‍ നിര്‍ണായകമാകും.
വിഷ്ണു തന്നെയാണു വാളുകള്‍ കാണിച്ചുകൊടുത്തത്. തങ്ങളുടെ പക്കല്‍നിന്നു കെവിന്‍ രക്ഷപ്പെട്ടുവെന്ന മൊഴി തെളിവെടുപ്പിനിടയിലും പ്രതികള്‍ ആവര്‍ത്തിച്ചു. പുനലൂരിലെത്തിച്ചാണ് തെളിവെടുത്തത്. പ്രതികളായ ഫസല്‍, നിയാസ്, റിയാസ്, വിഷ്ണു എന്നിവരെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കൊണ്ടുവന്നത്. കൊച്ചി റെയ്ഞ്ച് ഐ ജി വിജയ് സാഖറെ, കോട്ടയം എസ്പി ഹരിശങ്കര്‍ എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ഫസലിനെയും നിയാസിനെയും മാത്രമാണ് പുറത്തേക്ക് ഇറക്കിയത്. കെവിന്‍ രക്ഷപ്പെട്ടതായി പറയപ്പെടുന്ന വഴി പ്രതികള്‍ പോലിസിന് കാണിച്ചുകൊടുത്തു. കോട്ടയത്തുനിന്ന് കെവിനെ തട്ടിയെടുത്ത് തെന്മല വരെ എത്തിച്ച സമയക്രമം തെളിവെടുപ്പില്‍ രേഖപ്പെടുത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡിന് അയച്ചിട്ടുണ്ടെന്നും പ്രതികള്‍ക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും വിജയ് സാഖറെ പറഞ്ഞു. അതിനിടെ, കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഫോണിലൂടെ അറിയിച്ചുവെന്ന രണ്ടാംപ്രതി നിയാസിന്റെ മൊഴി നീനു തള്ളി.
തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞത് പോലിസ് സ്‌റ്റേഷനിലെത്തിയ ശേഷമാണെന്നാണ് നീനുവിന്റെ മൊഴി. നീനു വിളിച്ചപ്പോള്‍ കെവിന്‍ രക്ഷപ്പെട്ട വിവരം അറിയിച്ചുവെന്നാണ് നിയാസ് അന്വേഷണ സംഘത്തോടു പറഞ്ഞത്. ഗൂഢാലോചനയില്‍ പങ്കാളിയായെന്ന കുറ്റം ചുമത്താനുള്ള സാധ്യത കണക്കിലെടുത്തു നീനുവിന്റെ അമ്മ രഹ്്‌ന മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങി. ഇതിനിടെ, മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും തുല്യസാധ്യത നല്‍കിയുള്ള പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു. മുങ്ങിമരണമെന്നു സ്ഥിരീകരിക്കുന്ന റിപോര്‍ട്ടില്‍ അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളാണ് ഏറെയും. ശരീരത്തിലെ മുറിവുകളുടെ സ്വഭാവമാണ് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നത്. 16 മുറിവുകളാണു കെവിന്റെ ശരീരത്തിലുള്ളത്. നെഞ്ചിലോ അസ്ഥികള്‍ക്കോ ഒടിവോ ചതവോ ഇല്ല. ആന്തരികാവയവങ്ങള്‍ക്കും പരിക്കില്ല. എന്നാല്‍, വലതു കണ്ണിനു മുകളിലേറ്റ ക്ഷതം ഉള്‍പ്പെടെയുള്ള പരിക്കുകള്‍ അസ്വാഭാവിക മരണത്തിലേക്കു വിരല്‍ചൂണ്ടുന്നു. നിലത്തുകൂടി വലിച്ചിഴച്ചാലുണ്ടാകുന്ന മുറിവുകളും കെവിന്റെ ശരീരത്തിലുണ്ട്.











Next Story

RELATED STORIES

Share it