കെവിന്‍ കൊലക്കേസ് വിചാരണ വേഗത്തില്‍ ആക്കണമെന്ന ഹരജിയില്‍ വിധി പറയുന്നത് നവംബര്‍ 7ലേക്ക് മാറ്റി

കോട്ടയം: കെവിന്‍ കൊലക്കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന ഹരജിയില്‍ വിധി പറയുന്നത് നവംബര്‍ 7ലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ കെവിന്റേത് ദുരഭിമാന കൊലയാണെന്നു വാദിച്ചപ്പോള്‍ അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസ് പരിഗണിക്കുന്നത് കോട്ടയം സെഷന്‍സ് കോടതിയാണ്. ഹൈക്കോടതിയും ദുരഭിമാന കൊലയെന്ന് നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരജി നല്‍കിയിരിക്കുന്നത്. വിചാരണ വേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹരജി.
കഴിഞ്ഞ മെയ് 27നു രാത്രിയാണ് കോട്ടയം മാന്നാനത്തുള്ള ബന്ധുവീട്ടില്‍ നിന്ന് കെവിനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 14 പ്രതികളാണ് ഈ കേസിലുള്ളത്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഒന്നാം പ്രതിയും പിതാവ് ചാക്കോ അഞ്ചാം പ്രതിയുമാണ്. വധശിക്ഷ ലഭിക്കാവുന്ന നരഹത്യ, തട്ടിയെടുത്ത് വിലപേശല്‍ എന്നിവയ്ക്കു പുറമേ ഗൂഢാലോചന, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളും 14 പ്രതികള്‍ക്കെതിരേയും ചുമത്തിയിട്ടുണ്ട്.
87 ദിവസം കൊണ്ട് പോലിസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ പോലിസ് ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച് ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എം എസ് ഷിബു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടന്നുവരുകയാണ്.

Next Story

RELATED STORIES

Share it