Flash News

കെവിന്‍ കൊലക്കേസ് : പ്രതികളെ പിടികൂടുന്നതിന് നാലു സ്‌ക്വാഡുകള്‍

കെവിന്‍ കൊലക്കേസ് : പ്രതികളെ പിടികൂടുന്നതിന് നാലു സ്‌ക്വാഡുകള്‍
X


തിരുവനന്തപുരം : പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതിന് ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാലു സ്‌ക്വാഡുകള്‍ രൂപീകരിച്ചു. കൊല്ലം ജില്ലയിലും കോട്ടയം ജില്ലയിലും അന്വേഷണത്തിന് വെവ്വേറെ ടീമുകളെ നിയോഗിച്ചിട്ടുണ്ട്.  ഇതു കൂടാതെ സി.ബി.സി.ഐ.ഡിയുടെ രണ്ടു ടീമും അന്വേഷണത്തിനുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രണ്ടു ജില്ലകളിലെ വിവിധ സ്ഥലങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുള്ളതുകൊണ്ടാണ് ഈ രീതിയില്‍ അന്വേഷിക്കുന്നത്. പ്രതികളില്‍ ഒരാളെ ഇതിനകം പിടികൂടിയിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച ഒരു വാഹനവും കണ്ടെത്തി. ഈ സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്യുകയും കോട്ടയം എസ്.പി.യെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
സാധാരണ നിലയില്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിജിപിയോട് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വലിയ താമസമില്ലാതെ പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതുകൊണ്ടാണ് ഈ കൊലപാതകം നടന്നതെന്നാണ് ഏഷ്യാനെറ്റിന്റെ കണ്ടുപിടിത്തം.അത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. പൊലീസ് കാണിക്കേണ്ട ജാഗ്രത ഇത്തരം കാര്യങ്ങളില്‍ കാണിക്കുക തന്നെ വേണം. അതില്‍ മുഖ്യമന്ത്രിക്കുള്ള യാത്രയോ മുഖ്യമന്ത്രിയുടെ സുരക്ഷയോ ഒരു പ്രശ്‌നമായി വരുന്നില്ല.
സുരക്ഷ കാര്യങ്ങള്‍ ഒരുക്കുന്നത് അതുമായി ബന്ധപ്പെട്ട പ്രത്യേക ടീമാണ്. അല്ലാതെ എസ്‌ഐയോ മറ്റാരെങ്കിലുമോ അല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it