കെവിന്‍ കൊലക്കേസ്: പ്രതിയുടെ വിവാദ വീഡിയോ കോളിങ് ; സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

കോട്ടയം: കെവിന്‍ കൊലക്കേസിലെ പ്രതിയുടെ വിവാദ വീഡിയോ കോളിങ്ങിനെക്കുറിച്ച് ജില്ലാ പോലിസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചു. പോലിസിനു വീഴ്ചപറ്റിയോ എന്ന കാര്യം പരിശോധിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി കോട്ടയം എസ്പി ഹരിശങ്കര്‍ അറിയിച്ചു. 24 മണിക്കൂറിനകം അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
വീഡിയോ കോള്‍ നടത്താ ന്‍ കോടതി അനുമതി നല്‍കിയോ എന്ന കാര്യവും പരിശോധിക്കും. കെവിന്റെ കൊലപാതകക്കേസ് അന്വേഷണത്തിനായി രാസപരിശോധനാഫലവും മെഡിക്കല്‍ സംഘത്തിന്റെ റിപോര്‍ട്ടും കാത്തിരിക്കുകയാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. കെവിന്‍ കൊലക്കേസിലെ പ്രതികളെ എസ്‌ഐ, എഎസ്‌ഐ ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ സഹായിച്ചെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ സംഭവം. വെള്ളിയാഴ്ച വൈകീട്ട് ഏറ്റുമാനൂ ര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാ ന്‍ കൊണ്ടുവന്നപ്പോഴാണ് ഏഴാം പ്രതി ഷെഫിന്‍ പോലിസ് വാഹനത്തിലിരുന്ന് ബന്ധുവിന്റെ ഫോണ്‍വഴി വീഡിയോ കോളിലൂടെ വീട്ടുകാരെ കണ്ടു സംസാരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സഹിതം പുറത്തുവന്നതോടെ പോലിസ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. വൈകീട്ട് നാലരയ്ക്കാണ് കസ്റ്റഡി കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ 10 പ്രതികളെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നത്.
കോടതിവളപ്പില്‍ നില്‍ക്കുമ്പോള്‍ ബന്ധുവായ വനിത ഷെഫിനെ കാണാനെത്തി. ഷെഫിനോടു സംസാരിച്ചുതുടങ്ങിയ വനിത സ്വന്തം ഫോണില്‍ ഷെഫിന്റെ വീട്ടുകാരെ വിളിച്ചു. വനിതയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തിലിരുന്നു ഷെഫിന്‍ സംസാരിച്ചു. വീഡിയോ കോളില്‍ സംസാരിക്കുമ്പോള്‍ പോലിസ് ഉദ്യോഗസ്ഥര്‍ കണ്ടുനില്‍പ്പുണ്ടായിരുന്നു.
കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോവാന്‍ ഉപയോഗിച്ച ഇന്നോവ കാറും പോലിസ് കോടതിയില്‍ കൊണ്ടുവന്നിരുന്നു. ഇന്നോവ മഴകൊള്ളാതെ സൂക്ഷിക്കണമെന്നു പ്രതികള്‍ പറയുന്നതും കേള്‍ക്കാമായിരുന്നു. എആര്‍ ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥരാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയും സംഘത്തെ അനുഗമിച്ചിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ തെളിവെടുപ്പിനു വേണ്ടി 13 വരെ പോലിസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവായി.
Next Story

RELATED STORIES

Share it