Flash News

കെവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക റിപോര്‍ട്ട്

കെവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക റിപോര്‍ട്ട്
X

കോട്ടയം:  പ്രണയ വിവാഹത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റേത് മുങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. ശരീരത്തില്‍ നിരവധി പരിക്കുകളുണ്ട്. എന്നാല്‍, പരിക്കുകള്‍ മരണത്തിന് കാരണമായിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. മര്‍ദ്ദിച്ച് വെള്ളത്തിലിട്ടതോ രക്ഷപ്പെടാന്‍ ഓടിയപ്പോള്‍ വീണതോ ആവാം മരണത്തിലേക്ക് നയിച്ചതെന്നും അനുമാനിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

അതേ സമയം, കെവിനെ കൊന്ന കേസിലെ പ്രതിയായ ചാക്കോയുടെ തന്മലയിലെ വീട് പൊലീസ് വളഞ്ഞു. പൂട്ട് പൊളിച്ച് പൊലീസ് വീട്ടില്‍ കടന്നു. കോട്ടയത്തുനിന്നുള്ള 30 പേരടങ്ങുന്ന പൊലിസ് സംഘമാണ് എത്തിയിരിക്കുന്നത്. നീനുവിന്റെ പിതാവ് ചാക്കോയും മാതാവും കോട്ടയത്തുനിന്ന് കൊല്ലത്തേക്ക് മാറിയിട്ടുണ്ടെന്നാണ് വിവരം.

ഇന്നലെ വരെ ഇവര്‍ കോട്ടയത്തുണ്ടായിരുന്നു. ഇന്നലെ വീട്ടില്‍ വെളിച്ചം കണ്ടതായി പറയുന്നു. തുടര്‍ന്നാണ് പൊലീസ് എത്തിയത്. പൊലിസ് വീട്ടില്‍ തിരച്ചില്‍ നടത്തുകയാണ്. ഇന്നുതന്നെ ചാക്കോയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.

അതേസമയം കെവിന്‍ വധക്കേസില്‍ 14 പേരെ പ്രതികളാക്കിയതായി പൊലിസ് അറിയിച്ചു. കെവിനെ കടത്തിക്കൊണ്ടു പോയ സംഘത്തില്‍ ഉള്‍പ്പെട്ട 13 പേരെ കൂടാതെ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന നീനയുടെ പിതാവ് ചാക്കോയും കേസില്‍ പ്രതിപട്ടികയില്‍ ഉണ്ട്.
Next Story

RELATED STORIES

Share it