കെവിന്റെ കൊലപാതകംആറംഗ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

എന്‍  എ  ശിഹാബ്
തിരുവനന്തപുരം: പ്രണയവിവാഹത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് ഐജി വിജയ് സാഖറെയുടെ മേല്‍നോട്ടത്തില്‍ ആറംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവായി.
എസ്പി ഹരിശങ്കര്‍ ഓപറേഷനല്‍ ഹെഡ് ആയും കോട്ടയം ഡിസിബി ഡിവൈ എസ് ഗിരീഷ് പി സാരഥി ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫിസറായും രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തില്‍ വി ജി വിനോദ് കുമാര്‍ (ഡിവൈഎസ്പി, പാലാ), എസ് അശോക് കുമാര്‍ (ഡിവൈഎസ്പി, ഇഒഡബ്ലൂ, കോട്ടയം), ജി ഗോപകുമാര്‍ (ഇന്‍സ്‌പെക്ടര്‍) എന്നിവര്‍ അംഗങ്ങളാണ്. പ്രത്യേക അന്വേഷണസംഘം അന്വേഷണം വേഗത്തില്‍ നടത്തണമെന്നും അന്വേഷണത്തിന്റെ ഓവേറാള്‍ ഇന്‍ചാര്‍ജായ ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്തിന് റിപോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കൂടാതെ, എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു കൊല്ലത്തും കോട്ടയത്തും നിന്നു ക്രൈംബ്രാഞ്ചിന്റെ രണ്ടു സ്‌പെഷ്യല്‍ ടീമുകള്‍ സിബിസിഐഡി ഐജിയും തിരുവനന്തപുരം, എറണാകുളം റേഞ്ചുകളില്‍ ഓരോ സ്‌പെഷ്യല്‍ ടീം അതത് റേഞ്ച് ഐജിമാരും രൂപവത്കരിച്ച് പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചു.
അതേസമയം, രണ്ടു ജില്ലകളിലെ വിവിധ സ്ഥലങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുള്ളതുകൊണ്ട് അന്വേഷണത്തിന് എറണാകുളം ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാലു സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കൊല്ലം ജില്ലയിലും കോട്ടയം ജില്ലയിലും അന്വേഷണത്തിനു വ്യത്യസ്ത ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതു കൂടാതെ സിബിസിഐഡിയുടെ രണ്ടു ടീമും കേസ് അന്വേഷിക്കുന്നുണ്ട്. പ്രതികളില്‍ ഒരാളെ ഇതിനകം പിടികൂടിയിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച ഒരു വാഹനവും കണ്ടെടുത്തു. കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതിനാണ് പോലിസ് ശ്രമം.
അതേസമയം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം പുറത്തുവന്ന കൊലപാതക വാര്‍ത്ത ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കി. മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞതോടെ പ്രതിപക്ഷ കക്ഷികളും അവസരം മുതലെടുത്തു. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സംഭവത്തില്‍ നേരിട്ട് ഇടപെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി കൊച്ചി, തിരുവനന്തപുരം റേഞ്ച് ഐജിമാര്‍ക്ക് അന്വേഷണച്ചുമതല നല്‍കി. പോലിസിനു വീഴ്ച പറ്റിയെന്ന പരാതിയില്‍ കോട്ടയം ഡിവൈഎസ്പിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികളുണ്ടാവും.
കോട്ടയം എസ്പിയുടെ കീഴില്‍ ക്രൈംബ്രാഞ്ച് സംഘവും കൊല്ലത്ത് ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചും ചേര്‍ന്ന പ്രത്യേക സംഘവും കൊലയാളികളെ കണ്ടെത്താന്‍ ഇതിനകം അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ഗാന്ധി നഗര്‍ സ്റ്റേഷനിലെ എസ്‌ഐ എംഎസ് ഷിബു, എസ്പി വി എം മുഹമ്മദ് റഫീഖ് എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഹരിശങ്കറാണ് പുതിയ എസ്പി. കോട്ടയം എസ്പി, ഡിവൈഎസ്പി എന്നിവര്‍ സംഭവത്തില്‍ സ്വീകരിച്ച നടപടികളും ഉന്നത ഉദേ്യാഗസ്ഥര്‍ പരിശോധിച്ചുവരുകയാണ്. വീഴ്ചയുണ്ടെന്നു തെളിഞ്ഞാല്‍ ഇവര്‍ക്കെതിരേയും നടപടിയുണ്ടാവും.
Next Story

RELATED STORIES

Share it