Flash News

കെയ്ന്‍ ഹാട്രിക്കില്‍ ടോട്ടനത്തിന് ജയം

കെയ്ന്‍ ഹാട്രിക്കില്‍ ടോട്ടനത്തിന് ജയം
X



ലണ്ടന്‍: കെയ്‌നിന്റെ മാന്ത്രികക്കാലുകള്‍ തളരാതെ നിരന്തരം സതാംപ്റ്റന്‍ വല ചലനത്തിന്റെ ഡൈനാമോ ആക്കിയപ്പോള്‍ ടോട്ടനത്തിന് ആധികാരിക ജയം. സ്വന്തം തട്ടകത്തില്‍ 5-2 നായിരുന്നു പൊച്ചറ്റീനോയുടെ ശിഷ്യന്‍മാര്‍ സതാംപ്റ്റനെ നിലം പരിശാക്കിയത്. ഇന്നലെ ഒരു പിടി നല്ല  റെക്കോഡുകള്‍ക്കുടമയായ കെയ്ന്‍ മെസ്സിയെയും റൊണാള്‍ഡോയെയും വെല്ലാന്‍ ഇംഗ്ലീഷ് നിരയില്‍ താരങ്ങളുണ്ടെന്ന് തെളിയിച്ചു. ഹാരി കെയ്‌നിനെ കുന്തമുനയാക്കി 4-2-3-1 എന്ന ശൈലിയില്‍ പൊച്ചറ്റീനോ ടോട്ടനം താരങ്ങളെ വിന്യസിച്ചപ്പോള്‍ 4-1-4-1 എന്ന ശൈലിയിലാണ് സതാംപ്റ്റന്‍ താരങ്ങള്‍ ബൂട്ട് കെട്ടിയത്. 22ാം മിനിറ്റിലും 39ാം മിനിറ്റിലും 67ാം മിനിറ്റിലും 24 കാരന്‍ ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ 49ാം മിനിറ്റില്‍ ഡെലി അലിയും 51ാം മിനിറ്റില്‍ സണ്‍ ഹ്യുന്‍ മിന്നും സതാംപ്റ്റന്റെ വല കുലുക്കി. സതാംപ്റ്റനു വേണ്ടി 64ാം മിനിറ്റില്‍ സോഫിയാനേ ബൗഫാലും 82ാം മിനിറ്റില്‍ ദുസന്‍ ടാഡിക്കും ആശ്വാസ ഗോളുകള്‍ നേടി. പ്രീമിയല്‍ ലീഗിലെ സീസണില്‍ റെക്കോഡ് കുറിക്കാന്‍ കെയ്‌നിന് 22ാം മിനിറ്റ് വരെ കാത്തു നില്‌ക്കേണ്ടി വന്നു. 22ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സന്‍ നല്‍കിയ മികച്ചൊരു പാസില്‍ നിന്ന് ഉഗ്രന്‍ ഗോളോടെ കെയ്ന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി.  പിന്നിലാക്കിയത് ലിവര്‍പൂളിന്റെ സലാഹിനെ. പിന്നീട് 39ാം മിനിറ്റില്‍ സണ്‍ ഹ്യു മിന്‍ കെയ്‌നിന് ഗോള്‍ വഴിയൊരുക്കിയപ്പോള്‍ പിഴയ്ക്കാതെ കെയ്ന്‍ തന്റെയും ടോട്ടനത്തിന്റെയും രണ്ടാം ഗോളും സ്വന്തമാക്കി. രണ്ടാം പകുതിയിലെ 49ാം മിനിറ്റില്‍ ഡെലി അലി ഗോളടിച്ച് കെയ്‌നിന് മികച്ച പിന്തുണ നല്‍കി. ഇത്തവണയും കൊറിയന്‍ താരമായിരുന്നു ഗോളിനുള്ള വഴിയൊരുക്കിയത്. രണ്ട് മിനിറ്റുകള്‍ക്കകം അലിയുടെ അസിസ്റ്റില്‍ കൊറിയന്‍ താരം ഗോള്‍ നേടി.  ഗോള്‍ 4-0. പിന്നീട് 64ാം മിനിറ്റില്‍ സതാംപ്റ്റന് വേണ്ടി ബൗഫാല്‍ ആശ്വാസ ഗോള്‍ കണ്ടെത്തിയപ്പോള്‍ 67ാം മിനിറ്റില്‍ കെയ്ന്‍ സീസണിലെ തന്റെ അഞ്ചാം ഹാട്രിക്കും സ്വന്തമാക്കി. 82ാം മിനിറ്റില്‍ ടാഡിക് സതാംപ്റ്റന് വേണ്ടി രണ്ടാം ഗോളും സ്വന്തമാക്കിയെങ്കിലും സതാംപ്റ്റനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാനായില്ല. ജയത്തോടെ 37 പോയിന്റോടെ ടോട്ടന്‍ഹാം പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു.
Next Story

RELATED STORIES

Share it