kasaragod local

കെമെട്രോ പൂര്‍ത്തിയായത് നാല് വര്‍ഷം കൊണ്ട് ;നാല് വര്‍ഷമായിട്ടും എസ്ടിപി റോഡ് നിര്‍മാണം പൂര്‍ത്തിയായില്ല



കാഞ്ഞങ്ങാട്്: മെട്രോ പൂര്‍ത്തിയായത് നാല് വര്‍ഷം കൊണ്ട്, കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡ് നാല് വര്‍ഷമായിട്ടും പൂര്‍ത്തിയായില്ല. സംസ്ഥാനത്തെ റോഡുകളുടെ സമഗ്ര വികസനത്തിനായി കെഎസ്ടിപിയെ ഏല്‍പ്പിച്ച കാഞ്ഞങ്ങാട്-കാസര്‍കോട് റോഡ് ചന്ദ്രഗിരിപ്പാതയുടെ നിര്‍മാണത്തിന് ഒച്ചിന്റെ വേഗത. കെഎസ്ടിപി അശാസ്ത്രീയമായി നിര്‍മാണം പൂര്‍ത്തീകരിച്ച ചളിയംകോട് ചന്ദ്രഗിരി ഭാഗത്ത് ഈ മഴക്കാലത്തും കുന്നിടിച്ചല്‍ ഭീഷണിയിലാണ്. ചേടി മണ്ണ് കലര്‍ന്ന കുന്ന് അശാസ്ത്രീയമായി ഇടിച്ച് റോഡ് നിര്‍മിച്ചതിനാല്‍ മണ്ണിടിഞ്ഞ് മഴക്കാലത്ത് ഗതാഗത സ്തംഭനമുണ്ടാകുന്ന സ്ഥിതിയിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ച മേ ല്‍പറമ്പ് മുതല്‍ കാസര്‍കോട് വരെയുള്ള ഭാഗങ്ങള്‍. തീര്‍ത്തും അശാസ്ത്രീയമായ റോഡ് നിര്‍മാണം വാഹന ഗതാഗതത്തിനും റോഡിന് സമീപം താമസിക്കുന്ന കുടുംബങ്ങള്‍ക്കും ഒരുപോലെ ഭീഷണിയായിരിക്കുകയാണ്. മണ്ണിടിയുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് ഫില്ലര്‍ ഉപയോഗിച്ച് ഭിത്തികെട്ടാനോ നിശ്ചിത അളവില്‍ ചരിച്ച് മണ്ണെടുക്കാനോ തയ്യാറാവാതെ റോഡ് നിര്‍മിച്ചതാണ് ഭീഷണിയുണ്ടാക്കാന്‍ കാരണം. പ്രസ്തുതറോഡ് കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ട് (കെഎസ്ടിപി) ലോക ബാങ്കിന്റെ സഹായത്തോടെ രാജ്യാന്തര നിലവാരത്തില്‍ രണ്ടുവരി പാതയാക്കാന്‍ 2013 ജൂണിലാണ് ഡല്‍ഹി ആസ്ഥാനമായ ആര്‍ഡിഎസ് പ്രൊജക്ട് എന്ന സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയത്.  കാസര്‍കോട് ചന്ദ്രഗിരി ജങ്ഷന്‍ മുതല്‍ കാഞ്ഞങ്ങാട് സൗത്ത് ദേശീയപാത വരെ 27.76 കിലോമീറ്റര്‍ കോണ്‍ക്രീറ്റ് മെക്കാഡം റോഡ് നിര്‍മിക്കാന്‍ 113 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. 2013 ജൂണ്‍ ആദ്യവാരം ഇതിന്റെ നിര്‍മാണം ആരംഭിച്ചു. 2017 ജൂണിന് നാലുവര്‍ഷം പൂര്‍ത്തിയായിട്ടും 75 ശതമാനം ജോലി മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. രണ്ടു വര്‍ഷം കാലാവധി നല്‍കിയ കരാര്‍ പ്രവൃത്തി നാലു വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് നി ര്‍മാണ ചുമതലയുള്ള കെഎസ്ടിപിയുടെ നിരുത്തരവാദിത്വമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കെഎസ്ടിപിയുടെ അനാസ്ഥയെതുടര്‍ന്ന് ലോക ബാങ്ക് കേരളത്തില്‍ അനുവദിച്ച വായ്പയില്‍ നിന്നും 350 കോടി തിരിച്ചു പിടിക്കാനുള്ള തയാറെടുപ്പിലുമാണെന്നാണ് അറിയുന്നത്. സംസ്ഥാനത്ത് 1612.80 കോടി രൂപയാണ് ലോക ബാങ്ക് അനുവദിച്ചിട്ടുള്ളത്. കാസര്‍കോട്-കാഞ്ഞങ്ങാട് പാതയില്‍ പലയിടത്തായി മിനുക്കു പണികള്‍ ബാക്കിയുണ്ട്. ഓവുചാല്‍ നിര്‍മാണം അങ്ങിങ്ങായി പാതിവഴിയിലാണ്. കാഞ്ഞങ്ങാട് നഗരത്തില്‍ ഒന്നാം പാളി ടാറിങ് നടന്നതല്ലാതെ മറ്റു പ്രവൃത്തികളൊന്നും നടന്നിട്ടില്ല. ഓവുചാല്‍ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. നഗരവാസികളുടെയും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെയും പ്രതിഷേധം കാരണം ഒന്നര വര്‍ഷം മുമ്പു പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ നീണ്ടുപോവുകയായിരുന്നു.  യഥാസമയം വൈദ്യുതി, ടെലിഫോണ്‍ കേബിളുകള്‍ മാറ്റാനോ ശുദ്ധജല വിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനോ അധികൃതര്‍ തയാറായില്ല. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണം നേടാന്‍ മന്ത്രിതലത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ലെന്നു കരാറുകാര്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 31ന് കാലാവധി കഴിഞ്ഞെങ്കിലും പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കാലവര്‍ഷം ആരംഭിച്ചതോടെ ആര്‍ഡിഎസ് പ്രവൃത്തികളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it