Flash News

കെപിസിസി രാഷ്ട്രീയകാര്യ സമിതിയും യുഡിഎഫ് യോഗവും നാളെ



തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം നാളെ വൈകീട്ട് 3നും യുഡിഎഫ് ഏകോപന സമിതി യോഗം വൈകീട്ട് അഞ്ചിന് പ്രതിപക്ഷ നേതാവിന്റെ വസതിയിലും ചേരും. ഇന്ദിരാഭവനില്‍ നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ സംസ്ഥാന സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പ്രദേശ് റിട്ടേണിങ് ഓഫിസര്‍ എസ് നാച്ചിയപ്പ പങ്കെടുക്കും. സംഘടനാ തിരഞ്ഞെടുപ്പാണ് മുഖ്യഅജണ്ട. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കെ എം മാണിയെടുത്ത നിലപാടും ചര്‍ച്ചയാവും. പുതിയ കെപിസിസി പ്രസിഡന്റ്, കെപിസിസി ഭാരവാഹികള്‍ എന്നിവരെയും ബൂത്ത്, ബ്ലോക്ക്തല തിരഞ്ഞെടുപ്പുമായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക. സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മെംബര്‍ഷിപ്പ് കാംപയിന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനവും യോഗത്തില്‍ വിലയിരുത്തും. കെപിസിസി പ്രസിഡന്റ്, ഭാരവാഹികളെ കണ്ടെത്തുന്നതിന് തിരഞ്ഞെടുപ്പ് വേണ്ടെന്ന കാര്യത്തില്‍ നേതാക്കള്‍ അഭിപ്രായ ഐക്യത്തിലെത്തിയിട്ടുണ്ട്. എന്നാല്‍, ബൂത്ത്, ബ്ലോക്ക് തലത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതില്‍ വലിയ തെറ്റില്ലെന്നും നേതാക്കള്‍ക്കുണ്ട്. അതേസമയം, സംഘടനാ തിരഞ്ഞെടുപ്പ് നടത്താനുള്ള അവസരമുണ്ടായിട്ടും അതുപേക്ഷിച്ച് പഴയപോലെ സമവായത്തിലൂടെ നേതാക്കളെ തിരഞ്ഞെടുക്കുന്നതിനെതിരേ ഒറ്റപ്പെട്ട എതിര്‍ശബ്ദങ്ങളും പാര്‍ട്ടിയിലുണ്ട്. കെ സുധാകരന്‍ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായത്തിലാണ്. സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ ഭയക്കുന്നവര്‍ക്ക് എങ്ങിനെയാണ് ജനാധിപത്യത്തിനു വേണ്ടി സംസാരിക്കാന്‍ കഴിയുകയെന്നാണ് അദ്ദേഹം ഈയിടെ കണ്ണൂരില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നത് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കുമെന്ന അഭിപ്രായമാണ് എ കെ ആന്റണിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. അതുകൊണ്ടു തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനം സമവായത്തിലൂടെയാവും പ്രഖ്യാപിക്കുക. യുഡിഎഫ് യോഗത്തില്‍ മുഖ്യമായും മാണിയുടെ രാഷ്ട്രീയ നിലപാടായിരിക്കും ചര്‍ച്ചയാവുക. മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഘട്ടത്തില്‍ യുഡിഎഫ് നേതാക്കള്‍ മാണിയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും പുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍ മാണിയുടെ വരവ് ദുഷ്‌കരമാവും. എന്നാല്‍, ആദ്യഘട്ടത്തിലെ രൂക്ഷ പ്രതികരണത്തിനു ശേഷം മാണി നിലപാട് മയപ്പെടുത്തിയത് യുഡിഎഫ് കൊട്ടിയടച്ച വാതില്‍ തുറക്കപ്പെടാതെ പോവരുതെന്ന ഉദ്ദേശ്യത്തോടെയാണ്. മാണി വിഷയത്തില്‍ ലീഗും കൃത്യമായ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല. ലീഗിന്റെ നിലപാടും ഇന്നത്തെ യോഗത്തില്‍ ശ്രദ്ധേയമാവും.
Next Story

RELATED STORIES

Share it