Flash News

കെപിസിസി യോഗത്തില്‍ മാണിയെ ചൊല്ലി തര്‍ക്കം



തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാനുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ അമിത താല്‍പര്യം ഇന്ദിരാഭവനില്‍ ഇന്നലെ ചേര്‍ന്ന കെപിസിസി സംയുക്ത ഭാരവാഹി യോഗത്തില്‍ തര്‍ക്കത്തിനിടയാക്കി. മാണി മടങ്ങിവരണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്റെ പ്രതികരണത്തെ തുടര്‍ന്നാണു യോഗത്തില്‍ കേരള കോണ്‍ഗ്രസ്സിനെ കുറിച്ച് ചര്‍ച്ചയായത്. കോട്ടയത്തുനിന്നുള്ള പി ടി തോമസ്, ജോസഫ് വാഴക്കന്‍, എം എം ജേക്കബ് തുടങ്ങിയവര്‍ മാണിയെ തിരികെ മുന്നണിയില്‍ കൊണ്ടുവരുന്നതില്‍ കാട്ടുന്ന അമിതാവേശത്തിനെതിരേ തുറന്നടിച്ചു. മാണി കോണ്‍ഗ്രസ്സിനെ നിരന്തരം അപമാനിക്കുന്നയാളാണെന്നും അതൊക്കെ സഹിച്ച് ഇദ്ദേഹത്തെ മുന്നണിയിലേക്ക് എന്നും ക്ഷണിക്കേണ്ടതുണ്ടോയെന്നും പി ടി തോമസ് യോഗത്തില്‍ ചോദിച്ചു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ഘടകകക്ഷി നേതാക്കളില്‍ ചിലരും മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടിരിക്കുകയാണ്. നേരത്തെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ കെ എം മാണി മുന്നണയിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ് എം എം ഹസനും മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചു. തങ്ങളാരും മാണിയെ പുറത്താക്കിയതല്ലെന്നും അദ്ദേഹം സ്വയം പുറത്തുപോവുകയായിരുന്നുവെന്നുമായിരുന്നു ഹസന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ അഭിപ്രായത്തോട് അനുകൂലമായല്ല മാണി പ്രതികരിച്ചത്. കഴിഞ്ഞദിവസം തന്നെ പി ടി തോമസ് മാണിയുടെ യുഡിഎഫ് പ്രവേശവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം യോഗത്തില്‍ ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അതാണ് ഇന്നലെ യോഗത്തില്‍ സംഭവിച്ചതും. കേരളാ കോണ്‍ഗ്രസ്സിനില്ലാത്ത ശക്തിയൊന്നും പെരുപ്പിച്ച് കാട്ടേണ്ടെന്നായിരുന്നു തോമസിന്റെ അഭിപ്രായം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വോട്ടുവാങ്ങിയാണ് പലയിടത്തും ജയിച്ചതെന്ന് ജോസഫ് വാഴക്കനും തുറന്നടിച്ചു. ഉപതിരഞ്ഞെടുപ്പില്‍ മാണിയുടെ പ്രസ്താവനകള്‍ യുഡിഎഫിന് യോജിച്ചതായിരുന്നില്ല. യുഡിഎഫ് വിട്ടുപോയവര്‍ പലഘട്ടങ്ങളിലായി തിരികെ വന്നിട്ടുണ്ടെന്ന്് എം എം ജേക്കബ് പറഞ്ഞു. പുറത്തുപോയവരെ ആരെയും തിരികെ വിളിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വിഷയത്തില്‍ പ്രതികരിച്ചില്ല. നേതാക്കളുടെ കടുത്ത പ്രതികരണത്തെ തുടര്‍ന്ന് യോഗശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ എം എം ഹസന്‍ കഴിഞ്ഞ ദിവസത്തെ തന്റെ നിലപാട് മാറ്റുകയും ചെയ്തു.
Next Story

RELATED STORIES

Share it