കെപിസിസി ഭാരവാഹി പ്രഖ്യാപനം; കണ്ണൂര്‍ കോണ്‍ഗ്രസ്സില്‍ അപസ്വരം

ഇരിട്ടി: കെപിസിസിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചെങ്കിലും കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അപസ്വരം. കെ സുധാകരനെ പിന്തുണയ്ക്കുന്നവരിലാണ് സമ്മിശ്ര പ്രതികരണമുള്ളത്. സുധാകരന്‍ കെപിസിസി പ്രസിഡന്റായേക്കുമെന്ന് കരുതിയിരുന്നെങ്കിലും മുല്ലപ്പള്ളിക്കു സ്ഥാനം നല്‍കിയതാണ് പലര്‍ക്കും രുചിക്കാതായത്.
അതേസമയം, ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ പേരില്‍ വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന് അനുകൂലമായി മാത്രം അഭിവാദ്യ ബോര്‍ഡ് കെട്ടിയതും വിവാദമായിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഇരിട്ടി ടൗണിലെ പല ഭാഗത്തും കെ സുധാകരന് അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡുകള്‍ കെട്ടിയത്. എല്ലാ ഗ്രൂപ്പിനെയും വിശ്വാസത്തിലെടുത്തും സാമുദായിക ഘടകങ്ങള്‍ കണക്കിലെടുത്തും സംസ്ഥാനത്തെ എല്ലാ ഗ്രൂപ്പ് നേതാക്കളുമായും നിരന്തരം ചര്‍ച്ച നടത്തിയുമാണ് ഹൈക്കമാന്‍ഡ് മൂന്നുദിവസം മുമ്പ് കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.
കഴിഞ്ഞദിവസം പുതിയ ഭാരവാഹികളെ ഡല്‍ഹിയില്‍ വിളിപ്പിച്ച് വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തെ നിരുല്‍സാഹപ്പെടുത്തണമെന്ന് ഹൈക്കമാന്‍ഡ് ഉപദേശിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കെ സുധാകരനു വേണ്ടി മാത്രം അഭിവാദ്യ ബോര്‍ഡുകള്‍ പ്രത്യേക്ഷപ്പെട്ടത്. കെപിസിസി ഭാരവാഹികളെ ഒന്നായി കാണാതെ ചേരിതിരിഞ്ഞുള്ള അഭിവാദ്യബോര്‍ഡ് ഗ്രൂപ്പ് സംഘര്‍ഷം വളര്‍ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. സംസ്ഥാനത്ത് ഐ ഗ്രൂപ്പിന്റെ ഭാഗമാണ് കെ സുധാകരനെങ്കിലും ജില്ലയില്‍ ഐ ഗ്രൂപ്പിനകത്ത് തന്നെ പ്രത്യേക ബ്ലോക്കായാണ് കെ സുധാകരനും അനുയായികളും പ്രവര്‍ത്തിക്കുന്നത്.
ജില്ലയിലെ പല ഐ ഗ്രൂപ്പ് നേതാക്കള്‍ക്കും ഇത്തരം വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയത്തോട് മുറുമുറുപ്പുണ്ട്. കെ എസ് ബ്രിഗേഡ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ സാമൂഹികമാധ്യമങ്ങളിള്‍ കെ സുധാകരന് കെപിസിസി അധ്യക്ഷപദവി ലഭിക്കാനായി ശക്തമായ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നെങ്കിലും നേതൃത്വം ഗൗനിച്ചിരുന്നില്ല. ഇരിട്ടി മേഖലയില്‍ മണ്ഡലം കമ്മിറ്റിയുടേതെന്ന പേരില്‍ കെട്ടിയ ബോര്‍ഡ് ഗ്രൂപ്പ് താല്‍പര്യം സംരക്ഷിക്കാനുള്ള ഹിഡന്‍ അജണ്ടയുടെ ഭാഗമാണെന്നാണ് ഇതര ഗ്രൂപ്പുകാര്‍ പറയുന്നത്.

Next Story

RELATED STORIES

Share it