കെപിസിസി ഭാരവാഹികള്‍ ഇന്നു രാഹുലിനെ കാണും

ന്യൂഡല്‍ഹി: കെപിസിസി നേതൃമാറ്റത്തിനു പിന്നാലെ നേതാക്കള്‍ ചുമതല ഏറ്റെടുക്കുന്നതിനു മുന്നോടിയായി ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് ഡല്‍ഹിയിലെത്തി. കെപിസിസി ഭാരവാഹികളായി പുതുതായി ചുമതലപ്പെടുത്തിയ നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും.
പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍, യുഡിഎഫ് ചെയര്‍മാന്‍ ബെന്നി ബെഹനാന്‍ എന്നിവരും ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെത്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തേ ഡല്‍ഹിയിലെത്തിയിരുന്നു. പിന്നാലെയാണ് വര്‍ക്കിങ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ട കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എം ഐ ഷാനവാസ് എന്നിവരെത്തിയത്. പുനസ്സംഘടന, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരുടെ ഉത്തരവാദിത്തം വീതംവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരും. സംഘടനാപരമായി തകര്‍ന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഒരുക്കുകയെന്നതാണ് പുതിയ നേതൃത്വത്തിനു മുന്നിലെ പ്രധാന വെല്ലുവിളി.
ഇന്ന് രാവിലെ 9 മണിയോടെയാണ് രാഹുലുമായുള്ള കൂടിക്കാഴ്ച. പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയെന്ന നിര്‍ദേശമായിരിക്കും രാഹുല്‍ നേതാക്കള്‍ക്ക് നല്‍കുക. കേരളത്തില്‍ സിപിഎമ്മും ബിജെപിയും ഒരുപോലെ ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ഇരുപക്ഷത്തെയും ഒരുപോലെ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും.

Next Story

RELATED STORIES

Share it