malappuram local

കെപിസിസി പ്രസിഡന്റിന്റെ ജാഥാ സ്വീകരണം അലങ്കോലപ്പെടുത്തിയവര്‍ക്കെതിരേ നടപടി

എടപ്പാള്‍: കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ നയിച്ച ജനജാഗ്രതാ യാത്രയുടെ എടപ്പാളിലെ സ്വീകരണം പൊളിച്ച നേതാക്കള്‍ക്കെതിരെ ജില്ലാ കമ്മിറ്റി നടപടിക്കൊരുങ്ങുന്നു. സംസ്ഥാനതല ജാഥയുടെ സ്വീകരണത്തിന് നൂറില്‍താഴെ പേര്‍ മാത്രമാണ് എടപ്പാളിലെ സ്വീകരണത്തിനുണ്ടായിരുന്നത്. തവനൂര്‍, പൊന്നാനി, കോട്ടക്കല്‍, തിരൂര്‍, താനൂര്‍ എന്നീ ബ്ലോക്ക് കമ്മിറ്റികളുടെ സ്വീകരണമായിരുന്നു എടപ്പാളില്‍ നടന്നിരുന്നത്.
ജാഥാ സ്വീകരണം പൊളിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ബോധപൂര്‍വം ശ്രമിച്ചെന്ന പരാതിയിലായിരുന്നു പാര്‍ട്ടി അന്വേഷണം നടന്നത്. ജാഥാ സ്വീകരണം വിജയിപ്പിക്കാനായി ബ്ലോക്ക് കമ്മിറ്റി യോഗങ്ങളോ മണ്ഡലം കമ്മിറ്റി യോഗങ്ങളോ വിളിച്ചു ചേര്‍ക്കാന്‍ പോലും നേതൃസ്ഥാനത്തുള്ളവര്‍ തയ്യാറായില്ല.
ജില്ലാ ജനറല്‍ സെക്രട്ടറി ടി പി മുഹമ്മദും മറ്റുരണ്ട് പ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു സ്വീകരണ കേന്ദ്രത്തില്‍ പാര്‍ട്ടി പതാക കെട്ടിയിരുന്നത്. യൂത്ത് കോണ്‍ഗ്രസ് വിഭാഗം പൂര്‍ണമായും സ്വീകരണ സമ്മേളനം ബഹിഷ്‌കരിക്കുകയായിരുന്നു. ഐ വിഭാഗത്തിന് നേതൃത്വമുള്ള മണ്ഡലം കമ്മിറ്റികളാണു ജാഥാ സ്വീകരണം പൊളിക്കാന്‍ മുന്‍പന്തിയില്‍ നിന്നതെന്നാണു മറു വിഭാഗം ആരോപിക്കുന്നത്.
അതേസമയം ജാഥാ സ്വീകരണം വിജയിപ്പിക്കുന്നതിനായി പാര്‍ട്ടിയിലെ വിവിധ ഘടകങ്ങളുടെ യോഗങ്ങള്‍ പോലും വിളിച്ചു ചേര്‍ക്കാന്‍ തയ്യാറാകാത്ത നേതൃത്വം പണം പിരിക്കുന്നതില്‍ മാത്രമാണ് താല്‍പര്യം കാണിച്ചതെന്നും ജാഥാ സ്വീകരണം പരാജയപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കാണെന്നുമാണ് ഐ വിഭാഗം നേതാക്കളുടെ വാദം.
കെപിസിസി പ്രസിഡന്റിന്റെ ജാഥാ സ്വീകരണം പരാജയപ്പെടുത്താന്‍ നടത്തിയ നീക്കം ചെറുതായി കാണാനാവില്ലെന്നും ഇതിനുത്തരവാദിയായവര്‍ക്കെതിരെ പാര്‍ട്ടി തലത്തിലും സംഘടനാതലത്തിലും ശക്തമായ നടപടികള്‍ കൈകൊള്ളുമെന്നും ഡിസിസി ഭാരവാഹികള്‍ സൂചിപ്പിച്ചു.
Next Story

RELATED STORIES

Share it