Flash News

കെപിസിസി പട്ടിക: എതിര്‍പ്പുമായി മുരളീധരനും



തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ പുതുക്കിയ പട്ടികയ്‌ക്കെതിരേ എതിര്‍പ്പുമായി കെ മുരളീധരന്‍ എംഎല്‍എ. പട്ടിക അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് മുരളീധരന്‍ ഹൈക്കമാന്‍ഡിന് പരാതിനല്‍കി. നിലവിലെ പട്ടിക അംഗീകരിക്കുന്നതു പാര്‍ട്ടിക്ക് ദോഷകരമാണെന്നും കൂടുതല്‍ ചര്‍ച്ച നടത്തി പട്ടികയില്‍ മാറ്റം വരുത്തണമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്താന്‍ ഹൈക്കമാന്‍ഡ് തയ്യാറാവണം. പട്ടികയില്‍ ഇടം പിടിച്ച പലരും പാര്‍ട്ടി പ്രവര്‍ത്തനം നടത്താതെ ഗ്രൂപ്പിന്റെ ഭാഗമായതുകൊണ്ട് മാത്രം കടന്നുവന്നവരാണെന്നും ഇ-മെയിലായി അയച്ച പരാതിയില്‍ മുരളീധരന്‍ വ്യക്തമാക്കി. ഇതോടെ കേരളത്തില്‍ നിന്നുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതു കൂടുതല്‍ പ്രതിസന്ധിയിലായി.  അതേസമയം, എഴുകോണ്‍ ബ്ലോക്കില്‍ നിന്നും പി സി വിഷ്ണുനാഥിനെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരേ എ ഗ്രൂപ്പ് രംഗത്തുവന്നു. വിഷ്ണുനാഥിനെ ഒഴിവാക്കിയാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കിയെന്നാണു സൂചന. കൊല്ലത്തെ ഏഴുകോണ്‍ ബ്ലോക്കിന് പുറത്തുള്ള പി സി വിഷ്ണുനാഥിനെ അവിടെനിന്ന് ഒഴിവാക്കി പകരം തന്റെ നോമിനിയായ വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്ന കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ആവശ്യം ഹൈക്കമാന്‍ഡിന്റെ പരിഗണനയിലാണ്. പുതുക്കിയ പട്ടികയിലും വിഷ്ണുനാഥിന്റ പേര് കണ്ടതോടെ കൊടിക്കുന്നില്‍ പരാതിയുമായി രാഹുല്‍ഗാന്ധിയെ സമീപിച്ചു. കൊല്ലം ഡിസിസി പ്രസിഡന്റായിരുന്ന വി സത്യശീലനായിരുന്നു നേരത്തെ എഴുകോണില്‍ നിന്നുള്ള കെപിസിസി അംഗം. അദ്ദേഹം മരിച്ച ഒഴിവിലാണു വിഷ്ണുനാഥിനെ ഉള്‍പ്പെടുത്തിയത്. പട്ടിക പുതുക്കിയപ്പോള്‍ വട്ടിയൂര്‍ക്കാവിലെ ഉള്ളൂര്‍ ബ്ലോക്കില്‍ ശശി തരൂര്‍ എംപിയെ ഒഴിവാക്കി മണ്ഡലത്തിനു പുറത്തുള്ളയാളെ ഉള്‍പ്പെടുത്തിയതാണ് കെ മുരളീധരന്റെ അനിഷ്ടത്തിന് കാരണം. കൊല്ലത്തെ അഞ്ചാലുംമൂട് ബ്ലോക്കില്‍ ഡിസിസി വൈസ് പ്രസിഡന്റ് സൂരജ് രവിയെ ഉള്‍പ്പെടുത്താത്തതാണ് വി എം സുധീരനെ ചൊടിപ്പിച്ചിരിക്കുന്നത്. സുതാര്യമാണ് പട്ടികയെന്ന് എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ അവകാശപ്പെടുന്നു. ഇനിയൊരു മാറ്റവും അംഗീകരിക്കില്ലെന്ന സന്ദേശം ഗ്രൂപ്പ് നേതാക്കള്‍ എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിലവിലെ പട്ടികയിലും അതിന്‍മേലുള്ള പരാതിയിലും ഹൈക്കമാന്‍ഡ് സ്വീകരിക്കുന്ന തീരുമാനം നിര്‍ണായകമാണ്. കേരളത്തെ ഒഴിവാക്കിയുള്ള ഒരു തിരഞ്ഞെടുപ്പിലേക്കു പോവുകയെന്നതാവും കേന്ദ്രനേതൃത്വത്തിനു മുന്നിലെ പോംവഴി.
Next Story

RELATED STORIES

Share it