കെപിസിസി: അഴിച്ചുപണി വേണമെന്ന് ഗ്രൂപ്പുകള്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉള്‍െപ്പടെയുള്ളവരെ നേതൃനിരയില്‍നിന്നു മാറ്റി വന്‍ അഴിച്ചുപണി നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്സിലെ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിക്കും. ഗ്രൂപ്പുകളിലെ പ്രമുഖനേതാക്കള്‍ ഓരോരുത്തരായി വരുംദിവസങ്ങളില്‍ ഡല്‍ഹിയിലെത്തി നേതൃമാറ്റമെന്ന ആവശ്യം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഇക്കാര്യത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ തമ്മി ല്‍ ധാരണയിലെത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ വിളിച്ചുചേര്‍ത്ത കെപിസിസി ക്യാംപ് എക്‌സിക്യൂട്ടീവില്‍ നേതൃത്വത്തിനെതിരേ ഉയര്‍ന്നുവന്ന പൊതുവികാരവും നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കും. കെപിസിസി അധ്യക്ഷനായ വി എം സുധീരന്റെ പ്രവര്‍ത്തനശൈലിയോടും ഗ്രൂപ്പുകള്‍ക്ക് കടുത്ത വിയോജിപ്പുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിക്കുന്നതിനൊപ്പം പ്രശ്‌നപരിഹാരത്തിനായി ഹൈക്കമാന്‍ഡ് അടിയന്തരമായി ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെടും. വി എം സുധീരന്റെ നടപടികളാണ് നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണമെന്ന ശക്തമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസിയുടെ ക്യാംപ് എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്നത്.
എന്നാല്‍, കെപിസിസി അധ്യക്ഷന്‍ മാറുന്നത് സംബന്ധിച്ച് ക്യാംപ് എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച നടന്നില്ലെന്നായിരുന്നു രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്. ചെന്നിത്തലയുടെ ഈ പ്രതികരണത്തോട് എ, ഐ ഗ്രൂപ്പുകളിലെ ഒരുവിഭാഗം നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. അതിനിടെ, തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് എഐസിസി നേതൃത്വം നേരിട്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സിന്റെ മുന്‍ ഭാരവാഹികള്‍ എഐസിസിക്ക് പരാതി നല്‍കി. പാര്‍ട്ടിയില്‍ തലമുറമാറ്റം അനിവാര്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം, തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചര്‍ച്ചചെയ്യാന്‍ ഇന്നു യുഡിഎഫ് യോഗം ചേരും. കഴിഞ്ഞ 24ന് യുഡിഎഫ് ചേര്‍ന്നെങ്കിലും ഘടകകക്ഷികളുടെ പരാതി രൂക്ഷമായതിനെ തുടര്‍ന്ന് വിശദമായി ചര്‍ച്ചചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it