wayanad local

കെപിസിസി അംഗത്വം : നാമനിര്‍ദേശത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍



കല്‍പ്പറ്റ: പുനസ്സംഘടിപ്പിച്ച കെപിസിസിയില്‍ ഇടം കിട്ടാത്തതില്‍ നിരാശരായി കഴിയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലയില്‍ നിരവധി. പാര്‍ട്ടിയുടെ അടുത്ത സംസ്ഥാന അധ്യക്ഷന്‍ കെപിസിസിയിലേക്ക് നടത്തുന്ന നാമനിര്‍ദേശത്തിലാണ് ഇക്കൂട്ടരുടെ പ്രതീക്ഷ. കെപിസിസി അംഗങ്ങളെ നിര്‍ണയിച്ചപ്പോള്‍ ജില്ലയില്‍ ഗ്രൂപ്പ്, സമുദായ സന്തുലനം പാലിച്ചില്ലെന്ന പരിഭവവും പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമാണ്. കല്‍പ്പറ്റ, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പനമരം, വൈത്തിരി പാര്‍ട്ടി ബ്ലോക്കുകളില്‍ നിന്ന് ആറുപേരാണ് നിലവില്‍ കെപിസിസിയില്‍. ഇതില്‍ കെ സി റോസക്കുട്ടി, പി കെ ജയലക്ഷ്മി, എന്‍ ഡി അപ്പച്ചന്‍, പി പി ആലി എന്നിവര്‍ എ ഗ്രൂപ്പുകാരാണ്. ഗ്രൂപ്പ് ബലത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ പലേടത്തും ഒന്നാം സ്ഥാനത്തുള്ള ഐ വിഭാഗത്തില്‍ നിന്നു ഡിസിസി മുന്‍ പ്രസിഡന്റുമാരുമായ പി വി ബാലചന്ദ്രന്‍, കെ എല്‍ പൗലോസ് എന്നീ രണ്ട് അംഗങ്ങള്‍ മാത്രമാണ് കെപിസിസിയിലുള്ളത്. ജില്ലയില്‍ നിന്നുള്ള കെപിസിസി അംഗത്വം തുല്യമായി വീതിക്കണമെന്ന് ഐ ഗ്രൂപ്പിന്റെ ശാഠ്യം വിലപ്പോയില്ല. പഴയ കെപിസിസിയില്‍ ഉണ്ടായിരുന്നവരില്‍ പലര്‍ക്കും പുതിയ കമ്മിറ്റിയില്‍ ഇടം കിട്ടിയില്ല. കെ കെ രാമചന്ദ്രന്‍, കെ കെ വിശ്വനാഥന്‍, പ്രഫ. കെ പി തോമസ്, സി പി വര്‍ഗീസ്, മംഗലശ്ശേരി മാധവന്‍, കെ വി പോക്കര്‍ ഹാജി, എ പ്രഭാകരന്‍, അഡ്വ. എന്‍ കെ വര്‍ഗീസ് എന്നിങ്ങനെ നീളുന്നതാണ് ഇവരുടെ നിര. ജില്ലയില്‍നിന്നുള്ള കെപിസിസി സെക്രട്ടറിമാരായിരുന്ന കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍ എന്നിവരും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടില്ല. കഴിഞ്ഞ കെപിസിസിയില്‍ ജില്ലയില്‍ നിന്നു 14 പേരാണ് ഉണ്ടായിരുന്നത്. കെപിസിസിയില്‍ പ്രാതിനിധ്യം ലഭിക്കാത്തതിന്റെ വിഷമത്തിലാണ് ക്രൈസ്തവരിലെ യാക്കോബായ വിഭാഗം. ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ് പ്രഫ. കെ പി തോമസ്, കെ കെ അബ്രഹാം, അഡ്വ. എന്‍ കെ വര്‍ഗീസ് എന്നിവര്‍. പുതിയ കമ്മിറ്റിയില്‍ ജില്ലയില്‍ നിന്ന് ഉള്‍പ്പെട്ടതില്‍ എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, കെ സി റോസക്കുട്ടി എന്നിവര്‍ റോമന്‍ കാത്തലിക് വിഭാഗക്കാരാണ്. മലങ്കര റീത്ത് വിഭാഗക്കാരനാണ്  പുതിയ കമ്മിറ്റിയില്‍ തഴയപ്പെട്ട ഡിസിസി മുന്‍ പ്രസിഡന്റുമായ സി പി വര്‍ഗീസ്. ആദിവാസി വിഭാഗങ്ങളില്‍ എക്കാലവും കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്ന കുറുമവിഭാഗവും നിരാശയിലാണ്. ആദിവാസികളിലെ കുറിച്യ സമുദായക്കാരിയാണ് കെപിസിസിയിലെത്തിയ മുന്‍മന്ത്രി പി കെ ജയലക്ഷ്മി. ഇതേ വിഭാഗക്കാരനാണ് ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ. എന്നിരിക്കെ, കോണ്‍ഗ്രസ് നേതൃത്വം പിന്നെയും തഴഞ്ഞുവെന്ന ഖിന്നതയിലാണ് കുറുമ സമുദായം. കെപിസിസി സെക്രട്ടറിയായിരുന്ന എം എസ് വിശ്വനാഥന്‍, എടക്കല്‍ മോഹനന്‍ എന്നിവര്‍ ഈ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ്. ജില്ലയില്‍ നിന്ന് ഈഴവ-തിയ്യ വിഭാഗങ്ങള്‍ക്കും കെപിസിസിയില്‍ പ്രാതിനിധ്യം ലഭിച്ചില്ല. എം എം രമേശന്‍, ആര്‍ പി ശിവദാസ്, പി എം സുധാകരന്‍, ചന്ദ്രന്‍ വെള്ളമുണ്ട എന്നിവര്‍ ഈ വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളാണ്. പാര്‍ട്ടി അധ്യക്ഷനാണ് കെപിസിസിയിലേക്ക് പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യേണ്ടത്. പുതിയ പ്രസിഡന്റ് ആരായിരിക്കുമെന്നും എപ്പോള്‍ ചുമതലയേല്‍ക്കുമെന്നതിലും അവ്യക്തത നിലനില്‍ക്കുകയാണ്. കെപിസിസിയിലേക്ക് 45 പേരെ നാമനിര്‍ദേശം ചെയ്യാനാണ് നേതൃതലത്തില്‍ ധാരണ. എ, ഐ ഗ്രൂപ്പുകളില്‍ നിന്നു 20 പേരെ വീതവും ഗ്രൂപ്പുകള്‍ക്കു പുറത്തുനിന്നു അഞ്ചുപേരെയുമാണ് ഉള്‍പ്പെടുത്തുക. നാമനിര്‍ദേശം നടക്കുമ്പോള്‍ പരിഗണന ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ജില്ലയിലെ നേതാക്കളില്‍ പലരും.
Next Story

RELATED STORIES

Share it