Kerala Assembly Election

കെപിഎസി ലളിതയ്‌ക്കെതിരേ പോസ്റ്ററുകള്‍

കെപിഎസി ലളിതയ്‌ക്കെതിരേ പോസ്റ്ററുകള്‍
X
KPAC-Lalitha2

എ എം ഷമീര്‍ അഹ്മദ്

വടക്കാഞ്ചേരി: വടക്കാഞ്ചേരി മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി കെപിഎസി ലളിതയെ പരിഗണിക്കുന്നതില്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് എതിര്‍പ്പ്. പാര്‍ട്ടിയിലും പൊതുരംഗത്തും പരിചയമില്ലാത്ത ലളിതയെ സ്ഥാനാര്‍ഥിയാക്കിയാല്‍ സീറ്റ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നുകാട്ടിയാണ് പ്രാദേശികഘടകങ്ങള്‍ രംഗത്തെത്തിയത്.
ലളിതയെ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് വടക്കാഞ്ചേരി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള ഓട്ടുപാറ, കുമരനെല്ലൂര്‍, കുമ്പളങ്ങാട് ബ്രാഞ്ച്കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തിന് ഇന്നു പരാതി നല്‍കും. എല്‍ഡിഎഫിന്റെ പേരില്‍ ലളിതയ്‌ക്കെതിരേ വടക്കാഞ്ചേരി ടൗണില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. താരപ്പൊലിമയുള്ളവരല്ല മണ്ണിന്റെ മണമുള്ളവരാണ് വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ഥികളാവേണ്ടതെന്നാണ് പോസ്റ്ററിലുള്ളത്. കെട്ടിയിറക്കിയ സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും പോസ്റ്ററില്‍ പറയുന്നു.
ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം സേവ്യര്‍ ചിറ്റിലപ്പിള്ളിയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രാദേശിക ഘടകങ്ങളുടെ ആവശ്യം. ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ മണ്ഡലത്തില്‍നിന്നു വീണ്ടും ജനവിധി തേടുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, അവസാന നിമിഷം സ്ഥാനാര്‍ഥി സാധ്യതാപട്ടികയില്‍ കെപിഎസി ലളിത ഇടം പിടിക്കുകയായിരുന്നു.
അതിനിടെ, ലളിതയ്‌ക്കെതിരായ വിവാദ പോസ്റ്ററുകള്‍ രാവിലെതന്നെ പാര്‍ട്ടിനേതൃത്വം ഇടപെട്ട് നീക്കം ചെയ്തു. സോഷ്യല്‍മീഡിയയില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിനിടെ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഇന്നലെ എല്‍ഡിഎഫിന്റെ അടിയന്തരയോഗം ചേര്‍ന്നു. അതിനിടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരാണ് പോസ്റ്ററിന് പിന്നിലെന്നും സിപിഎം വടക്കാഞ്ചേരി ഏരിയാകമ്മിറ്റി ആരോപിച്ചു. സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നത് സംസ്ഥാന കമ്മിറ്റിയാണെന്നും പാര്‍ട്ടിയെയും സ്ഥാനാര്‍ഥിയെയും താറടിച്ചു കാണിക്കാനുള്ള ഗൂഢശ്രമമാണ് പോസ്റ്റര്‍ പ്രചാരണത്തിനു പിന്നിലെന്നുമാണ് ജില്ലാ കമ്മിറ്റിയുടെയും നിലപാട്.
പോസ്റ്ററൊട്ടിച്ചതു കൊണ്ടൊന്നും താന്‍ പതറില്ലെന്ന് കെപിഎസി ലളിത മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കും. അതിലൊരു സംശയവുമില്ല. ഒരു പ്രതിഷേധവും ബാധിക്കില്ല. എല്ലാവരേയും ഒരുമിച്ചു കൊണ്ടുപോവാനാണ് ശ്രമിക്കുക. എനിക്കെതിരേ പോസ്റ്ററൊട്ടിച്ചാല്‍ വോട്ട് കുറയില്ലെന്നും ലളിത പറഞ്ഞു.

[related]
Next Story

RELATED STORIES

Share it