Flash News

'കെപിഎംജിയുടെ സേവനം തകര്‍ത്തത് ദക്ഷിണാഫ്രിക്കയെ'

കോഴിക്കോട്: 2018 ജൂണ്‍ 10ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ പ്രിട്ടോറിയയില്‍ നിന്ന് ഒരു അന്വേഷണാത്മക റിപോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. 'അഴിമതി തകര്‍ത്തത് ദക്ഷിണാഫ്രിക്കയുടെ നികുതിവകുപ്പിനെ; രാജ്യം ഇപ്പോള്‍ അതിനു വിലകൊടുക്കുന്നു' എന്നാണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ റിപോര്‍ട്ടിന്റെ തലക്കെട്ട്. പുറത്താക്കപ്പെട്ട പ്രസിഡന്റ് ജേക്കബ് സുമയുടെ നേതൃത്വത്തില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും ചേര്‍ന്ന് എങ്ങനെയാണ് ദക്ഷിണാഫ്രിക്കന്‍ നികുതിവകുപ്പിനെ കുത്തിച്ചോര്‍ത്തി നശിപ്പിച്ചതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.കഥയിലെ വില്ലന്‍ ഒരു പാശ്ചാത്യ അക്കൗണ്ടിങ് കണ്‍സള്‍ട്ടന്‍സി ഏജന്‍സിയാണ്: കെപിഎംജി. ദക്ഷിണാഫ്രിക്കയിലെ നികുതിവകുപ്പിലെ ഏറ്റവും സത്യസന്ധരായ മേലുദ്യോഗസ്ഥരെ വ്യാജ ആരോപണങ്ങളില്‍ കുടുക്കി സ്ഥാനത്തുനിന്നു പുറത്താക്കി എങ്ങനെയാണ് സുമയും സംഘവും രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചത് എന്നാണ് റിപോര്‍ട്ടിലെ വിശദാംശങ്ങള്‍.ഒരു ഗംഭീര അപസര്‍പ്പക കഥയെപ്പോലെയാണ് ദക്ഷിണാഫ്രിക്കയിലെ നികുതിവകുപ്പില്‍ നടന്ന അട്ടിമറിയെ ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ടില്‍ വിവരിക്കുന്നത്. നികുതി വകുപ്പിന്റെ ചുമതലക്കാരനായ വ്യക്തി ഒരു രഹസ്യ ടീമിനെ ഉണ്ടാക്കിയെന്നും അവര്‍ രാജ്യത്തെ പ്രബലരായ നേതാക്കളെ അട്ടിമറിക്കാന്‍ നികുതിസംവിധാനത്തെ ദുരുപയോഗപ്പെടുത്തി എന്നുമാണ് ആരോപണത്തിന്റെ കാതല്‍. അതുസംബന്ധിച്ച വിശദമായ അന്വേഷണം നടത്താനുള്ള വിദഗ്ധ ഏജന്‍സി എന്ന നിലയിലാണ് കെപിഎംജി കഥയില്‍ രംഗപ്രവേശം ചെയ്യുന്നത്. അന്വേഷണത്തിന്റെ ഒടുവില്‍ നികുതി കമ്മീഷണര്‍ ഇവാന്‍ പിള്ളയും മറ്റു ചില ഉദ്യോഗസ്ഥരും തെറ്റു ചെയ്തതായാണ് കെപിഎംജി റിപോ ര്‍ട്ട് നല്‍കിയത്. അതേത്തുടര്‍ന്ന് നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ ജേക്കബ് സുമ ശക്തമായ അന്വേഷണങ്ങളും നടപടിയും സ്വീകരിച്ചു. അവരുടെ രക്ഷകനായി അറിയപ്പെട്ട ധനകാര്യമന്ത്രി ജോ ര്‍ദാനെ സ്ഥാനത്തുനിന്നു പുറത്താക്കി. തന്റെ വിശ്വസ്തരായ ആളുകളെ ബന്ധപ്പെട്ട സ്ഥാനങ്ങളില്‍ നിയോഗിച്ചു.സുമ പുറത്തായശേഷം സംഗതികള്‍ മാറിമറിഞ്ഞു. പ്രസിഡന്റ് സിറില്‍ രാമഫോസയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയില്‍ പുതിയ ഭരണകൂടം നിലവില്‍ വന്നതോടെ നികുതിവകുപ്പിലുണ്ടായ ഭീകരമായ അട്ടിമറിയുടെ വിവരങ്ങള്‍ പുറത്തുവന്നു. ഇന്ത്യന്‍ വംശജരായ ഗുപ്ത കുടുംബക്കാരടക്കമുള്ള മാഫിയാതാല്‍പര്യക്കാര്‍ ജേക്കബ് സുമയും സംഘവുമായി ചേര്‍ന്ന് വമ്പിച്ച തട്ടിപ്പുകളാണു നടത്തിയതെന്ന് പുനരന്വേഷണത്തില്‍ വ്യക്തമായി.നികുതി വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥരെ അട്ടിമറിക്കാ ന്‍ സഹായകമായ റിപോര്‍ട്ട് വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നില്ല എന്ന് കെപിഎംജിയുടെ ദക്ഷിണാഫ്രിക്കന്‍ ഉദ്യോഗസ്ഥര്‍ പിന്നീട് അംഗീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ടില്‍ പറയുന്നു. ഭരണകൂടത്തിലെ ചില ഗൂഢശക്തികളുമായി ചേ ര്‍ന്ന് തങ്ങളുടെ പ്രതിനിധിക ള്‍ തയ്യാറാക്കിയ റിപോര്‍ട്ട് വാസ്തവത്തില്‍ തങ്ങള്‍ എഴുതിയതുപോലുമല്ല എന്നും അവര്‍ വിശദമായ അന്വേഷണത്തില്‍ വ്യക്തമാക്കി. നികുതിവകുപ്പിലെ ഉന്നതര്‍ക്കെതിരേ ബന്ധപ്പെട്ടവര്‍ തയ്യാറാക്കിയ ഒരു രേഖയിലെ ആരോപണങ്ങള്‍ അങ്ങനെത്തന്നെ തങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു എന്നാണ് കെപിഎംജി പിന്നീട് തുറന്നുപറഞ്ഞത്. ഈ വ്യാജ അന്വേഷണ റിപോര്‍ട്ടിന് അവര്‍ വാങ്ങിയെടുത്ത തുക 20 ലക്ഷം ഡോളര്‍ ആയിരുന്നു എന്നും വാര്‍ത്തയിലുണ്ട്. അഴിമതിക്കാരുമായി ചേര്‍ന്നു നടത്തിയ കെപിഎംജിയുടെ തട്ടിപ്പുകളെ സംബന്ധിച്ച് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയി ല്‍ രണ്ടു വിശദമായ അന്വേഷണങ്ങള്‍ നടക്കുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ദക്ഷിണാഫ്രിക്കയിലെ സണ്‍ഡേ ടൈംസ് എന്ന പത്രവുമായി കൂടിച്ചേര്‍ന്നാണ് കെപിഎംജിയുടെ വ്യാജ റിപോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. തങ്ങളുടെ റിപോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമായിരുന്നു എന്ന് പിന്നീട് സണ്‍ഡേ ടൈംസും വ്യക്തമാക്കി. 'പണം കൊടുക്കുന്നവര്‍ക്കു വേണ്ടി നടത്തിയ ഒരു വ്യാജവേല' എന്നാണ് കെപിഎംജിയുടെ അന്വേഷണ റിപോര്‍ട്ടിനെ സംബന്ധിച്ച് ഇപ്പോള്‍ വിഷയം അന്വേഷിച്ചുകൊണ്ടിരിക്കുന്ന ജൊഹാനസ്ബര്‍ഗ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ചെയര്‍മാന്‍ ബോബി ജോണ്‍സ്റ്റന്‍ പറഞ്ഞത്.പ്രളയത്തെ തുടര്‍ന്ന് കേരളത്തെ സഹായിക്കാനായി അന്താരാഷ്ട്ര ഏജന്‍സിയായ കെപിഎംജി തയ്യാറായിരിക്കുന്നു എന്ന് കേരള സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സൗജന്യമായിട്ടായിരിക്കുമത്രേ അവരുടെ സേവനം. ദക്ഷിണാഫ്രിക്കയില്‍ അവര്‍ നടത്തിയ സേവനത്തിന്റെ രേഖകളുടെ പശ്ചാത്തലത്തി ല്‍ കേരളത്തിന് അത് അനിവാര്യമാണോ എന്നു പരിശോധിക്കേണ്ടതുണ്ട് എന്നു തീര്‍ച്ച.

Next Story

RELATED STORIES

Share it