Kollam Local

കെനിയന്‍ ജയിലിലുള്ള പ്രവീണ്‍ ഉടന്‍ നാട്ടിലെത്തും

പത്തനാപുരം: നാലു വര്‍ഷത്തെ വാസത്തിന് ശേഷം ഒടുവില്‍ പ്രവീണിന് കെനിയന്‍ ജയിലില്‍ നിന്നും മോചനം സാധ്യമാകുന്നു. പുന്നല കറവൂര്‍ പ്രഭാവിലാസത്തില്‍ പ്രവീണ്‍ പ്രഭാകര (25)നെ കേസില്‍ നിന്നും മോചിപ്പിക്കാന്‍ അന്തിമ വിധി വന്നു. കീഴ് കോടതി വിധിക്കെതിരേ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ വിധിയും അനുകൂലമായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കകം പ്രവീണിന്റെ മോചനം സാധ്യമായേക്കും. മോചനം സാധ്യമാക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള അഭിഭാഷകന്‍ നിസാര്‍ കൊച്ചേരി കെനിയന്‍ കോടതിയില്‍ പ്രവീണിന്റെ അടിസ്ഥാന വിവരങ്ങളും മറ്റ് രേഖകളും ഹാജരാക്കിയതോടെയാണ് പ്രവീണിനെ കേസില്‍ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് കോടതി വിധിച്ചത്. മയക്കുമരുന്ന് കണ്ടെത്തിയ പ്രത്യേക സംഘത്തിന്റെ മേധാവി, അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയാണ് സാക്ഷികളായി വിസ്തരിച്ചത്. പ്രവീണ്‍ വിദ്യാര്‍ഥിയായിരുന്നുവെന്നും കപ്പലില്‍ പരിശീലനത്തിനായി എത്തിയതാണെന്നുമുള്ള രേഖകള്‍ കോടതി അംഗീകരിച്ചു.ജോലി ചെയ്ത കപ്പലില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിലാണ് പിറവന്തൂര്‍ പുന്നല കറവൂര്‍ പ്രഭാവിലാസത്തില്‍ പ്രഭാകരന്‍ നായര്‍-  ദേവയാനി ദമ്പതികളുടെ മകന്‍ പ്രവീണിനെയും ഒപ്പമുണ്ടായിരുന്ന പത്തു പേരെയും 2014 ജൂലൈ 15ന് കെനിയന്‍ തീരസംരക്ഷണ സേനയുടെ പിടികൂടുന്നത്.ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്ക് സിമന്റ് കൊണ്ടുവന്ന ഇറാനിയന്‍ കപ്പലിലായിരുന്നു പ്രവീണിന് ജോലി. കപ്പല്‍ പാകിസ്താന്‍ സ്വദേശിക്ക് വിറ്റതോടെയാണ് സംഭവങ്ങള്‍ മാറിമറിഞ്ഞത്. ഇറാനിലെത്തിയ കപ്പല്‍ ദുബൈയിലേക്ക് എന്നു പറഞ്ഞ് പുറപ്പെട്ടെങ്കിലും കെനിയയിലേക്കാണ് പോയത്.ഇതിനിടെ സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ കപ്പല്‍ പിടിച്ചെടുത്തെങ്കിലും പിന്നീട് മോചിപ്പിച്ചു. ഒടുവില്‍ കെനിയന്‍ പോലിസിന്റെ പിടിയിലകപ്പെട്ട കപ്പലില്‍ നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. ഇതിനെതുടര്‍ന്ന് പ്രവീണിനെയും മുംബൈ സ്വദേശി വികാസിനെയും ഒമ്പത് പാകിസ്താന്‍കാരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഒടുവില്‍ നിരപരാധിത്വം തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി ജയില്‍ മോചിതരാക്കാന്‍ തീരുമാനിച്ചത്.പ്രവീണ്‍ ജയിലായത് മുതല്‍ മാനസിക നില തെറ്റിയ ഭാര്യയുമായി പ്രഭാകരന്‍നായര്‍ തന്റെ മകനെയും കാത്തിരിക്കുകയാണ്.
Next Story

RELATED STORIES

Share it