കെട്ട കാലത്തും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് മതേതര കാഴ്ചപ്പാടുള്ള വ്യക്തിത്വങ്ങള്‍: രഞ്ജിത്ത്

കെട്ട കാലത്തും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്  മതേതര കാഴ്ചപ്പാടുള്ള വ്യക്തിത്വങ്ങള്‍: രഞ്ജിത്ത്
X
KKD_gl_mes_award_1603071905067

കോഴിക്കോട്: കെട്ട കാലത്തും ഓരോ മനുഷ്യരെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എംഇഎസ് അവാര്‍ഡ് നേടിയ കോഴിക്കോട്ടെ നാല് വ്യക്തിത്വങ്ങളാണെന്ന് പ്രമുഖ സിനിമ സംവിധായകന്‍ രഞ്ജിത്ത്. എംഇഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മതേതരത്വ സംരക്ഷണ മാസ സമാപന സമ്മേളനവും മതേതര അവാര്‍ഡ് ദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ പി ചെക്കുട്ടി, പി കെ പാറക്കടവ്, ഡോ. കെ സുരേഷ്‌കുമാര്‍, നൗഷാദ് (മാന്‍ഹോളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താ ന്‍ ശ്രമിക്കവെ മരണമടഞ്ഞ യുവാവ്) എന്നിവര്‍ മതേതരത്വത്തിനു നല്‍കിയ സംഭാവനകള്‍ എടുത്തു പറയേണ്ടതാണെ ന്നും രഞ്ജിത്ത് പറഞ്ഞു.
അസഹിഷ്ണുത മുമ്പെന്നത്തെക്കാളേറെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ചു തേജസ് പത്രാധിപര്‍ എന്‍ പി ചെക്കുട്ടി പറഞ്ഞു. അധികാരത്തിനു വേണ്ടിയുള്ള മല്‍സരത്തില്‍ മതങ്ങളെ ദുരുപയോഗം ചെയ്യുന്ന കാലംകൂടിയാണിത്. വര്‍ഗീയതയെ ചെറുക്കുന്ന കാര്യത്തില്‍ കോഴിക്കോടാണു മാതൃക. ആയിരം വര്‍ഷത്തിലേറെയുള്ള മതേതര പാരമ്പര്യം കോഴിക്കോടിനുണ്ട്. അത് കോഴിക്കോട് നഗരം ഇന്നും കെടാതെ സൂക്ഷിക്കുന്നുവെന്നും ചെക്കുട്ടി വ്യക്തമാക്കി.
ഗാന്ധിജിയെ കൊന്ന ഗോഡ്‌സെക്ക് അമ്പലം പണിയുന്ന കാലമാണിതെന്ന് പി കെ പാറക്കടവ് പറഞ്ഞു. മതേതരത്വം സംരക്ഷിക്കാന്‍ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ശബ്ദം ഉച്ചത്തില്‍ ഉയരണമെന്ന് ചടങ്ങില്‍ രോഹിത് വെമുല അനുസ്മരണ പ്രഭാഷണം നടത്തവെ പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.
ജില്ലാ പ്രസിഡന്റ് സി ടി സക്കീര്‍ഹുസയ്ന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ലത്തീഫ്, എന്‍ പി സി അബ്ദുറഹിമാന്‍, ഡോ. വി കെ ജമാല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it