'കെട്ടിവച്ച പണം കിട്ടാത്ത ബിജെപിയായിരുന്നു ബിഡിജെഎസ് വരുന്നതിനു മുമ്പ്'

ചെങ്ങന്നൂര്‍: കെട്ടിവച്ച പണം കിട്ടാത്ത ബിജെപിയായിരുന്നു ബിഡിജെഎസ് വരുന്നതിനു മുമ്പ് കേരളത്തിന് ഉണ്ടായിരുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ചെങ്ങന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലൂടെ അത് വീണ്ടും തെളിയിക്കും. മുമ്പ് ആറ് ശതമാനം വോട്ടാണ് തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കിട്ടിയിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് 16 ശതമാനമായി. അതുപോലെയുള്ള മാറ്റം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും കണ്ടതാണ്. എന്നിട്ട് ഇപ്പോള്‍ അവര്‍ അഹന്ത കാണിക്കുന്നു. അത് അംഗീകരിക്കാനാവില്ല. 14ന് ആലപ്പുഴയില്‍ ചേരുന്ന ബിഡിജെഎസ് നേതൃയോഗം എന്‍ഡിഎ വിടുന്നതടക്കമുള്ള അന്തിമ തീരുമാനം പ്രഖ്യാപിക്കും. എന്‍ഡിഎയില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് മുന്നണി വിടുന്നതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
രണ്ട്് വര്‍ഷമായി മുന്നണിക്കൊപ്പം നില്‍ക്കുന്നു. ഒരു കാര്യവുമില്ല. ഇങ്ങനെ മുന്നോട്ട് പോയിട്ട്് പ്രയോജനമില്ല. എല്‍ഡിഎഫും യുഡിഎഫും ബിഡിജെഎസിന് ഒരുപോലെയാണ്. ആരോടും വിരോധമില്ല. സാമൂഹികനീതിക്കുവേണ്ടി നില്‍ക്കാത്ത എന്‍ഡിഎ വിട്ട് തല്‍ക്കാലം നിഷ്പക്ഷമായി നില്‍ക്കുമെന്നും  ഭാവി പരിപാടി ആലോചിക്കുമെന്നും തുഷാര്‍ അറിയിച്ചു.
തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റും കൂടെയുള്ളവര്‍ക്ക് 14 കോര്‍പറേഷന്‍ സ്ഥാനങ്ങളും നല്‍കുമെന്ന വാര്‍ത്ത ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനിടയിലാണ് എല്ലാം മതിയാക്കി എന്‍ഡിഎ മുന്നണി വിടാന്‍ ബിഡിജെഎസ് തയ്യാറാവുന്നത്.
Next Story

RELATED STORIES

Share it