Flash News

കെട്ടിടനിര്‍മാണ കേന്ദ്രങ്ങളില്‍ തൊഴില്‍വകുപ്പ് പരിശോധന ; വ്യാപക നിയമലംഘനം



തിരുവനന്തപുരം:  സംസ്ഥാനത്തെ വിവിധ കെട്ടിടനിര്‍മാണ കേന്ദ്രങ്ങളില്‍ തൊഴില്‍വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകളും നിയമലംഘനങ്ങളും കണ്ടെത്തി.  മൂന്ന് റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ രാവിലെ ആരംഭിച്ച പരിശോധന വൈകീട്ടുവരെ നീണ്ടു. മിന്നല്‍പ്പരിശോധനയില്‍ 14 ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍, 101 അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രി ടി പി രാമകൃഷ്ണന്റെ നിര്‍ദേശാനുസരണം ലേബര്‍ കമ്മീഷണര്‍ കെ ബിജു അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എ അലക്‌സാണ്ടര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു.കൊല്ലത്ത് ആശ്രാമം, കടപ്പാക്കട എന്നിവിടങ്ങളില്‍ മൂന്നിടത്ത് നടത്തിയ പരിശോധനയില്‍ മൂന്നിലും ആലപ്പുഴയില്‍ മുല്ലയ്ക്കലിലും തൃശൂരില്‍ രണ്ടിടത്തും ഗുരുതര നിയമലംഘനം കണ്ടെത്തിയതിനാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. മറ്റു ജില്ലകളിലും സ്‌റ്റോപ്പ് മെമ്മോയും, കാരണംകാണിക്കല്‍ നോട്ടീസും നല്‍കി.  ഇതരസംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമലംഘനമാണു പരിശോധനയില്‍ വ്യാപകമായി കണ്ടെത്തിയത്. ഇതിനു പുറമേ കോണ്‍ട്രാക്റ്റ് ലേബര്‍ ആക്റ്റ്, ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ ആക്റ്റ് എന്നീ തൊഴില്‍ നിയമലംഘനങ്ങളും വ്യാപകമാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ ഷീറ്റുകള്‍ കൊണ്ട് മറച്ച ഇരുള്‍മൂടിയ മുറികളില്‍ ജീവിക്കുന്ന കാഴ്ചയാണു പലയിടത്തുമെന്ന്  ഉദ്യോഗസ്ഥര്‍ അറിയിച്ചു. പല സ്ഥാപനത്തിനും തൊഴില്‍നിയമങ്ങള്‍ പ്രകാരമുള്ള രജിസ്‌ട്രേഷനോ, ലൈസന്‍സോ ഉണ്ടായിരുന്നില്ല. ജീവനക്കാര്‍ക്കു സുരക്ഷ ഒരുക്കുന്നതിനും ഗുരുതര വീഴ്ചയും വ്യാപകമായി കണ്ടെത്തി.
Next Story

RELATED STORIES

Share it