കെട്ടിടനികുതി പിരിവില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് ചരിത്രനേട്ടം

തിരുവനന്തപുരം: കെട്ടിടനികുതി പിരിവില്‍ 2017-18 സാമ്പത്തികവര്‍ഷം റെക്കോഡ് നേട്ടവുമായി സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകള്‍. ആകെ 941 ഗ്രാമപ്പഞ്ചായത്തുകളില്‍ 185 ഗ്രാമപ്പഞ്ചായത്തുകള്‍ 100 ശതമാനം വസ്തുനികുതി പിരിച്ചെടുത്തു. 83.75 ശതമാനമാണ് സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളുടെ 2017-18 വര്‍ഷത്തെ വസ്തുനികുതി പിരിവ് ശരാശരി. ആകെ ഡിമാന്‍ഡ് തുകയായ 650.74 കോടി രൂപയില്‍ 539.02 കോടി രൂപ പിരിച്ചെടുത്താണ് ഗ്രാമപ്പഞ്ചായത്തുകള്‍ ചരിത്രനേട്ടം കരസ്ഥമാക്കിയത്.
94.71 ശതമാനം നികുതി പിരിച്ച മലപ്പുറം ജില്ല ഒന്നാമതും 93.79 ശതമാനം പിരിച്ച കണ്ണൂര്‍ രണ്ടാംസ്ഥാനത്തുമെത്തി. നികുതിപിരിവിലും പദ്ധതിപ്രവര്‍ത്തനങ്ങളിലും 2017-18 വര്‍ഷം 90 ശതമാനത്തിലധികം നേട്ടം കൈവരിച്ച ഗ്രാമപ്പഞ്ചായത്തുകളെ അനുമോദിക്കുന്നതിന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീലിന്റെ നേതൃത്വത്തില്‍ 25ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കും. 2013-14ല്‍ 39.40 ശതമാനവും 2014-15ല്‍ 51.23 ശതമാനവും 2015-16ല്‍ 40.76 ശതമാനവും 2016-17ല്‍ 58.30 ശതമാനവുമാണു നികുതി പിരിച്ചത്. 99നും 99.99 ശതമാനത്തിനുമിടയില്‍ 56 ഗ്രാമപ്പഞ്ചായത്തുകളും 98നും 99നും ഇടയില്‍ 36ഉം, 95നും 98നും ഇടയില്‍ 85ഉം, 90നും 95നും ഇടയില്‍ 121 ഗ്രാമപ്പഞ്ചായത്തുകളും നികുതി പിരിച്ചെടുത്തു. 50 ശതമാനത്തിന് താഴെ നികുതി പിരിച്ചത് എട്ട് പഞ്ചായത്തുകള്‍ മാത്രമാണ്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ സഞ്ചയ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറാണ് വസ്തുനികുതി പരിഷ്‌കരണം പൂര്‍ത്തീകരിക്കുന്നതിനും നികുതിപിരിവ് രേഖപ്പെടുത്തുന്നതിനും ഗ്രാമപ്പഞ്ചായത്തുകള്‍ ഉപയോഗിച്ചത്. ഇതോടൊപ്പം തന്നെ ഗ്രാമപ്പഞ്ചായത്തുകളിലെ യോഗനടപടിക്രമങ്ങള്‍ രേഖപ്പെടുത്താനുള്ള സകര്‍മ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍, കെട്ടിട നിര്‍മാണ പെര്‍മിറ്റിനുള്ള സങ്കേതം സോഫ്റ്റ്‌വെയര്‍, നികുതികളും ഫീസുകളും ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള ഇ-പേമെന്റ് സംവിധാനം എന്നിവയും എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും നടപ്പാക്കി. ജൂണ്‍ അവസാനത്തോടെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളും നികുതി കുടിശ്ശികരഹിത ഗ്രാമപ്പഞ്ചായത്തുകളാക്കുക എന്നതാണു ലക്ഷ്യം.
Next Story

RELATED STORIES

Share it