kozhikode local

കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവം; യുവാവ് മദ്യലഹരിയില്‍ അടിതെറ്റി വീണതെന്ന് സൂചന

വടകര: കഴിഞ്ഞ ദിവസം വടകരയില്‍ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ കൊലപാതകമല്ലെന്ന് സൂചന. വടകരയിലെ എടോടി-പുതിയ ബസ്റ്റാന്റ് റോഡിലെ കെട്ടിടത്തില്‍ നിന്നാണ് തിരുവനന്തപുരം സ്വദേശി വീണു മരിച്ചത്. മദ്യ ലഹരിയില്‍ അടിതെറ്റി ഒന്നാം നിലയില്‍ നിന്ന് വീണ് മരിച്ചതാണെന്ന നിഗമനത്തിലാണ് പൊലിസ്. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി രാധികാ ഭവനില്‍ ശശിധരന്‍ നായരുടെ മകന്‍ കൃഷ്ണകുമാറി (30)ന്റെ മൃതദേഹമാണ് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന ജീപ്പാസ് ബില്‍ഡിങിന് താഴെ കണ്ടെത്തിയത്.
കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ മുകളില്‍ സ്ഥാപിച്ച കാമറകളില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നാണ് മദ്യ ലഹരിയില്‍ വീണ് മരിച്ചതാണെന്ന നിഗമനത്തില്‍ പോലിസ് എത്തിയത്. രാത്രി 10.45ന് ഇയാള്‍ കെട്ടിടത്തിന് മുകളിലേക്ക് കയറി പോവുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അധികം വൈകാതെ ഇയാളെ താഴേക്ക് ഇറങ്ങി പോകുന്ന ദൃശ്യവും കാമറയിലുണ്ട്. 3.15ന് ഇയാള്‍ വീണ്ടും കെട്ടിടത്തിലേക്ക് കയറി പോയതായും കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
മദ്യ ലഹരിയില്‍ ആടിയാടിയാണ് ഇയാള്‍ കെട്ടിടത്തിന് മുകളിലേക്ക് കയറി പോയത്. ഇതിന് മുമ്പോ ശേഷമോ ആരും കെട്ടിടത്തിന് മുകളിലേക്ക് ആരും കയറി പോവുന്നതായി ക്യാമറയില്‍ കണ്ടെത്തിയിട്ടില്ല. മൂന്നരയോടെയാണ് ഇയാള്‍ വീണതെന്ന് പോലിസ് പറയുന്നു. വീഴ്ചയില്‍ തലക്കും നട്ടെല്ലിനും ഏറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ട് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. നന്നായി മദ്യപിച്ചതായും പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ട്. അതേസമയം കൃഷ്ണകുമാര്‍ മൂന്ന് വര്‍ഷമായി വടകരയിലുള്ളതായി മനസ്സിലായിട്ടുണ്ട്. ഇയാള്‍ കോണ്‍ക്രീറ്റ് ജോലി ചെയ്തു വരുന്നതായി പോലിസിന് അറിയാന്‍ കഴിഞ്ഞു. ഇയാള്‍ക്കൊപ്പം ജോലി ചെയ്യുന്നവരെ കുറിച്ച് പോലിസിന് വിവരം ലഭിച്ചിട്ടില്ല.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണകുമാറിനെ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐ പി എസ് ഹരീഷിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് അന്വേഷണം നടത്തിയത്. അതേസമയം അന്വേഷണം പൂര്‍ണ്ണമായും അവസാനിപ്പിച്ചിട്ടില്ല.
Next Story

RELATED STORIES

Share it