Kollam Local

കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ നല്‍കി നികുതി പരിഷ്‌കരിക്കാന്‍ തീരുമാനം

കൊല്ലം: കോര്‍പറേഷന്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ നല്‍കി നികുതി പരിഷ്‌ക്കരിക്കുന്ന നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്ക് 2014ല്‍ കെട്ടിട നമ്പര്‍ നല്‍കുന്ന പ്രവൃത്തി ആരംഭിച്ചെങ്കിലും തൃക്കടവൂര്‍ പഞ്ചായത്ത് കോര്‍പ്പറേഷനോട് ചേര്‍ത്തതിനെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന വാര്‍ഡുകളുടെ അതിര്‍ത്തി പുനഃക്രമീകരിച്ചതിനാല്‍ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കുകയായിരുന്നു. നഗരസഭാ ജീവനക്കാരെ ഉപയോഗിച്ച് നമ്പരിടുന്ന പ്രവൃത്തി അനന്തമായി നീണ്ടുപോകുമെന്നതിനാല്‍ അംഗീകാരം ഉള്ള ഏജന്‍സിയെ ചുമതല ഏല്‍പ്പിക്കാനാണ് ആലോചിക്കുന്നത്. ജനുവരിയില്‍ തന്നെ നമ്പരിടുന്ന പ്രവൃത്തി ആരംഭിക്കണമെന്ന് മേയര്‍  വി രാജേന്ദ്രബാബു നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ക്വോട്ട് ചെയ്തിട്ടുള്ള 110 രൂപ നിരക്ക് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതായി ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അറിയിച്ചു. നെഗോഷ്യേറ്റ് ചെയ്ത് നിരക്ക് കുറപ്പിച്ചാല്‍ ഏകോപിത സ്വഭാവത്തോടെ എല്ലാ നഗരസഭകളിലും നമ്പരിടുന്ന പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് “അമൃത്’ പദ്ധതിയെക്കുറിച്ചുള്ള നിര്‍വഹണ യോഗത്തില്‍ ധാരണയായിരുന്നു. ജിഐഎസ് മാപ്പിങ് നടത്തി നമ്പരിടുന്ന പ്രവൃത്തി മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ കൈക്കൊള്ളാനും ധാരണയായി.കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് മുളങ്കാടകത്ത് വാതക ശ്മശാനം നിര്‍മിക്കാന്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സൂപ്രണ്ടിങ് എന്‍ജിനീയറെ യോഗം ചുമതലപ്പെടുത്തി. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രോജക്ടുകള്‍ക്കും കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. 1.58 കോടി രൂപ മുടക്കില്‍ കടപ്പാക്കടയിലും ചെമ്മാംമുക്കിലും ഫുട്ഓവര്‍ ബ്രിഡ്ജുകള്‍, 1.95 കോടി രൂപ ചെലവില്‍ ഫുട്പാത്തുകള്‍, 7.9 കോടി രൂപ ചെലവില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ശുദ്ധജലം എത്തിക്കാനുള്ള പദ്ധതി എന്നിവയ്ക്കാണ് അനുമതി നല്‍കിയത്. എസ്എന്‍ കോളജ് ജങ്ഷന്‍, സെന്റ് ജോസഫ് കോണ്‍വന്റ് ജങ്ഷന്‍, താലൂക്ക് കച്ചേരി ജങ്ഷന്‍ എന്നിവിടങ്ങളില്‍ നടപ്പാലം നിര്‍മിക്കാന്‍ കൗണ്‍സില്‍ നേരത്തേ അനുമതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it