wayanad local

കെട്ടിടം നിലംപൊത്തിയ സ്ഥലത്ത് വീണ്ടും നിര്‍മാണത്തിന് നീക്കം

കല്‍പ്പറ്റ: കെട്ടിടം നിലംപൊത്തിയ അപകടമേഖലയില്‍ വീണ്ടും നിര്‍മാണ പ്രവൃത്തി ആരംഭിച്ചിട്ടും അധികൃതര്‍ക്ക് മൗനം. കല്‍പ്പറ്റ-കോഴിക്കോട് ദേശീയപാതയോരത്ത് ഒരുവര്‍ഷം മുമ്പ് കെട്ടിടം മറിഞ്ഞുവീണ സ്ഥലത്താണ് നിര്‍മാണം പുനരാരംഭിക്കുന്നത്. അപകടത്തെ തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച സ്ഥലമാണിത്. കെഎസ്ആര്‍ടിസി ഗാരേജിനും ദേശീയപാതയ്ക്കും ഇടയിലുള്ള ചെങ്കുത്തായ ഭാഗത്തായിരുന്നു കെട്ടിടമുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കെട്ടിടമൊന്നാകെ മറിഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഈ ഭാഗത്ത് കെട്ടിട നിര്‍മാണം പാടില്ലെന്ന ഉത്തരവ് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ പുറത്തിറക്കിയത്. ഈ ഉത്തരവ് പാടെ ലംഘിച്ചാണ് എക്‌സ്‌കവേറ്റര്‍ അടക്കം ഉപയോഗിച്ച് നിര്‍മാണം നടക്കുന്നത്.
നിലവില്‍ ചെങ്കുത്തായ ഭാഗത്ത് മണ്ണെടുത്തു നിരത്തുകയാണ്. ഇതോടനുബന്ധിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. പ്രവൃത്തികള്‍ ഒറ്റനോട്ടത്തില്‍ ശ്രദ്ധിക്കാതിരിക്കാന്‍ ദേശീയപാതയോരത്ത് വലിയ മറകള്‍ നിര്‍മിച്ചാണ് മണ്ണെടുക്കല്‍. ഈ പ്രവൃത്തികള്‍ ദേശീയപാതയ്ക്കും സമീപത്തെ കെഎസ്ആര്‍ടിസി ഗാരേജിനും ഒരുപോലെ ഭീഷണിയാണ്. കലക്ടറുടെയും ജില്ലാ പോലിസ് മേധാവിയുടെയും വസതികള്‍ക്കു തൊട്ടടുത്താണ് ഈ സ്ഥലം.
ഏതാനും മാസം മുമ്പ് ഇവിടെ ചില പ്രവൃത്തികള്‍ നടന്നിരുന്നു. നാട്ടുകാര്‍ ഇക്കാര്യം റവന്യൂ അധികൃതരെ അറിയിച്ചതോടെ അന്നു പണി നിര്‍ത്തി. എന്നാല്‍, ഇപ്പോള്‍ വീണ്ടും പണി ആരംഭിച്ചിരിക്കുന്നതു ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലരുടെ മൗനാനുവാദത്തോടെയാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. നിര്‍മാണം നടക്കുന്നതിന് തൊട്ടടുത്താണ് കെഎസ്ആര്‍ടിസി ഡിപ്പോ. നിര്‍മാണം നടക്കുന്ന പ്രദേശവുമായി ഡിപ്പോയെ വേര്‍തിരിക്കുന്നത് ഒരു തോട് മാത്രമാണ്.
തോട് കൈയേറിയാണ് കെട്ടിടം നിര്‍മിച്ചിരുന്നത്. അടുത്തിടെ ഈ ഭാഗത്ത് വീണ്ടും മണ്ണെടുത്ത് ചെറിയ വഴിയുണ്ടാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it