Alappuzha local

കെട്ടിച്ചമച്ച വാര്‍ത്തയുമായി തടിയൂരാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതായി ആക്ഷേപം

ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് അശ്രദ്ധമായി ഓടിച്ച് പിഞ്ചുകുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്ന കാറില്‍ ഇടിച്ച സംഭവത്തില്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച് കേസുകളൊഴിവാക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ശ്രമിക്കുന്നതായി പരാതി.
ബുധനാഴ്ച പുലര്‍ച്ചെയാണ് താമരക്കുളം മേക്കുംമുറി പാറയില്‍ പുത്തന്‍വീട്ടില്‍ പരേതനായ പരീത് റാവുത്തറുടെ ഭാര്യ എഴുപത്തഞ്ചുകാരിയായ ഉമൈബാന്‍ ബീവിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആംബുലന്‍സ് അപകടത്തില്‍പെട്ടത്. ആശുപത്രിയിലെത്തിച്ച രോഗി, ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുന്നതിനിടെ മരിച്ചു. എന്നാല്‍ തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച പോലിസിന്റെയും അപകടത്തില്‍ പെട്ട കാര്‍ ഡ്രൈവറുടെയും തലയില്‍ കെട്ടി വെക്കാനാണ് ആംബുലന്‍സ് ഡ്രൈവര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയുമായി വരികയായിരുന്ന കാറിന്റെ പിന്നില്‍ ആംബുലന്‍സ് ഇടിച്ചായിരുന്നു അപകടം.
ആംബുലന്‍സ് ഇടിച്ചിട്ട കാര്‍ തൊട്ടുമുന്നിലുള്ള ട്രക്കിന്റെ പിന്‍ഭാഗത്തേക്കു കയറി. ഇതിന്റെ അടയാളങ്ങള്‍ കാറിലും ട്രക്കിലും കാണാം. അപകടത്തെ തുടര്‍ന്ന് പരിഭ്രാന്തിയിലായ കാറില്‍ യാത്ര ചെയ്തിരുന്ന ഗൃഹനാഥന്‍ കുട്ടികളെയും സ്ത്രീകളെയും സുരക്ഷിതരാക്കാനുള്ള തത്രപ്പാടിലായിരുന്നു. ആംബുലന്‍സില്‍ രോഗിയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഗൃഹനാഥനായ റമീസ് എത്രയും പെട്ടെന്ന് ആംബുലന്‍സിലെ രോഗിയെ ആശുപത്രിയിലെത്തിക്കണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും ഈ ആംബുലന്‍സ് ഇനി ഓടില്ലെന്നും മറ്റൊന്ന് സംഘടിപ്പിക്കണമെന്നുമായിരുന്നു ആംബുലന്‍സ്‌ഡ്രൈവര്‍ പറഞ്ഞത്.
സംഭവം നടന്നയുടനെ റമീസ് പൊലീസിനെ വിളിക്കുകയും അവര്‍ സ്ഥലത്തെത്തുകയും ചെയ്തു. ഇതിനിടെ വണ്ടാനത്തു നിന്നു മറ്റൊരു ആംബുലന്‍സെത്തിച്ച് രോഗിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ സൗകര്യമൊരുങ്ങി. എന്നാല്‍ഡ്രൈവര്‍ തന്റെ അശ്രദ്ധയിലുണ്ടായ അപകടത്തില്‍ നിന്നു തടിയൂരാന്‍ വ്യാജവാര്‍ത്തകളുണ്ടാക്കുന്നതാണ് പോലീസും കാറില്‍ യാത്രചെയ്തവരും നാട്ടുകാരും പിന്നീട് കണ്ടത്. ആംബുലന്‍സ് ജീവനക്കാരെ കാര്‍ യാത്രക്കാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ഡ്രൈവറുടെ  കെട്ടിച്ചമച്ച വാര്‍ത്ത.
Next Story

RELATED STORIES

Share it