കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാനുള്ള പദ്ധതിയുമായി ഹൈക്കോടതി

സ്വന്തം പ്രതിനിധി കൊച്ചി: വര്‍ഷങ്ങളോളം പഴക്കമുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍  ഹൈക്കോടതി വേനലവധിക്കാ ലം ഉപയോഗപ്പെടുത്തുന്നു. രാജ്യവ്യാപകമായി കോടതികളില്‍ കെട്ടിക്കിടക്കുന്ന പഴക്കമുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ അവധിക്കാലത്തും സിറ്റിങ് നടത്താനുള്ള സുപ്രിംകോടതിയുടെ നിര്‍ദേശമാണ് ഹൈക്കോടതി നടപ്പാക്കുന്നത്. കേസുകള്‍ പരിഗണിക്കാന്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അനുമതി വേണമെന്നാണ് സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.  കഴിഞ്ഞ ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഹൈക്കോടതിയില്‍ 1,57,369 കേസുകളും കീഴ്‌കോടതികളില്‍ 13,45,127 കേസുകളും തീര്‍പ്പാക്കാനുണ്ട്. പത്ത് വര്‍ഷത്തിലധികമായി തീര്‍പ്പാവാതെ കെട്ടിക്കിടക്കുന്ന 14,781 കേസുകളാണ് ഹൈക്കോടതിയിലുള്ളത്. വര്‍ഷങ്ങളോളം പഴക്കമുള്ള ഇത്ത രം കേസുകള്‍ ഈ വേനലവധിക്കാലത്ത് തീര്‍പ്പാക്കാനുള്ള പദ്ധതിയാണ് ഹൈക്കോടതി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനോട് ഹൈക്കോടതിയിലെ അഭിഭാഷകര്‍ക്കും അനുകൂല പ്രതികരണമാണുളളത്. കക്ഷികളുടെ അഭിഭാഷകര്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയാല്‍ അവധിക്കാലത്ത് നല്ല ശതമാനം കേസുകള്‍ തീര്‍പ്പാക്കാന്‍ സാധിക്കുമെന്നാണ് ഹൈക്കോടതി കരുതുന്നത്. ഏപ്രില്‍ എട്ട് മുതല്‍ മേയ് 16 വരെ വേനലവധിയായതിനാല്‍ ഹൈക്കോടതി ബെഞ്ചുകളുടെ സാധാരണ പ്രവര്‍ത്തനം ഉണ്ടാവില്ല. അതേസമയം, അവധിക്കാലത്തും ആഴ്ചയില്‍ രണ്ട് ദിവസം ഡിവിഷന്‍ ബെഞ്ചുള്‍പ്പെടെ നാലോ അഞ്ചോ ബെഞ്ചുകള്‍ പ്രവര്‍ത്തിക്കാറുണ്ട്. ഇതിനു പുറമെ പഴയ കേസുകള്‍ കേള്‍ക്കാനായി കുറച്ച് അവധി ദിവസങ്ങള്‍കൂടി കണ്ടത്തൊനാണ് തീരുമാനം. ഹൈക്കോടതി അവധിക്കാല സിറ്റിങ് നടത്താനൊരുങ്ങുമ്പോഴും സംസ്ഥാനത്തെ 413 കീഴ്‌കോടതികളിലായി രണ്ട് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള അഞ്ച് ലക്ഷം കേസുകളും 25 വര്‍ഷം പഴക്കമുള്ള രണ്ട് ലക്ഷം കേസുകളും അമ്പത് വര്‍ഷം പഴക്കമുള്ള അമ്പതിനായിരത്തോളം കേസുകളുമാണ് തീര്‍പ്പാക്കാനായി കെട്ടിക്കിടക്കുന്നത്. സ്ത്രീകള്‍ പരാതിക്കാരായ 65,879 കേസുകളും മുതിര്‍ന്ന പൗരന്‍മാര്‍ പരാതിക്കാരായ 28,567 കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. ജഡ്ജിമാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് കേസുകള്‍ കെട്ടിക്കിടക്കാന്‍ കാരണം. വികസിത രാജ്യങ്ങളില്‍ 10 ലക്ഷം പേര്‍ക്ക് 150 ജഡ്ജിമാര്‍ ഉള്ളപ്പോള്‍ ഇന്ത്യയില്‍ ഇത്രയും പേര്‍ക്ക് 12 ജഡ്ജിമാര്‍ മാത്രമാണുള്ളത്. രാജ്യത്താകെയുള്ള കോടതികളില്‍ കെട്ടിക്കിടക്കുന്നത് മൂന്ന് കോടി കേസുകളാണ്. കഴിഞ്ഞ മാസം വരെ സുപ്രിംകോടതിയില്‍ തീര്‍പ്പാക്കാത്ത 64,919 കേസുകള്‍ ഉണ്ട്. രാജ്യത്തെ 24 ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്ന 44 ലക്ഷം കേസുകളില്‍ 34,32,493 സിവില്‍ കേസുകളും 10,23,739 ക്രിമിനല്‍ കേസുകളും ആണ്.
Next Story

RELATED STORIES

Share it