കെട്ടിക്കിടക്കുന്ന അരലക്ഷത്തിലധികം അപേക്ഷകള്‍ പിടിച്ചെടുത്തു

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ, താലൂക്ക് സര്‍വേ ഓഫിസുകളിലും വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍പ്പരിശോധനയില്‍ സര്‍വേ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന അരലക്ഷത്തിലധികം അപേക്ഷകള്‍ പിടിച്ചെടുത്തു. സംസ്ഥാനത്തെ ജില്ലാ, താലൂക്ക് സര്‍വേ ഓഫിസുകളിലായി ആകെ 55,471 അപേക്ഷകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുണ്ട്. ഇവയില്‍ 2009 മുതലുള്ള അപേക്ഷകളും ഉള്‍പ്പെടുന്നതായും കണ്ടെത്തി. എറണാകുളം, ചാവക്കാട്, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സര്‍വേ ഓഫിസുകളില്‍ നിന്നാണ് 2009ലെ അപേക്ഷകള്‍ തീര്‍പ്പാക്കാത്ത നിലയില്‍ വിജിലന്‍സ് കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മുതല്‍ ആരംഭിച്ച പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വര്‍ഷങ്ങളായി സര്‍വേ അദാലത്ത് നടത്താറിെല്ലന്നും തിരുവനന്തപുരം, കാസര്‍കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ പല ഓഫിസുകളിലും മൂവ്‌മെന്റ് രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കുന്നിെല്ലന്നും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ഇതു കൂടാതെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് സര്‍വേ ഓഫിസിലെ നാല് ഉദ്യോഗസ്ഥരില്‍ നിന്നു കണക്കില്‍പ്പെടാത്ത 6853 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ഇടുക്കി ജില്ലയിലെ തൊടുപുഴ സര്‍വേ ഓഫിസില്‍ വിജിലന്‍സ് പരിശോധനയ്ക്കു ചെന്ന സമയം ഹെഡ് ക്ലാര്‍ക്ക് ബിനു മദ്യപിച്ചിരുന്നതായി കാണപ്പെട്ടതിനെ തുടര്‍ന്നു തൊടുപുഴ പോലിസിന് കൈമാറി. മിന്നല്‍പ്പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ക്കു തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നു വിജിലന്‍സ് അറിയിച്ചു. സര്‍വേ ഓഫിസുകളില്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നുണ്ടോയെന്നും സമയബന്ധിതമായി സര്‍വേ അദാലത്തുകള്‍ നടത്താറുണ്ടോയെന്നും പൊതുജനങ്ങള്‍ക്കു ന്യായമായ സേവനങ്ങള്‍ ലഭിക്കുന്നുണ്ടോയെന്നും വിലയിരുത്തുന്നതിനാണു വിജിലന്‍സ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it