കെടിഡിഎഫ്‌സിക്ക് നല്‍കേണ്ട അധികപലിശ സര്‍ക്കാര്‍ നല്‍കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് വായ്പ നല്‍കിയ കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട കെടിഡിഎഫ്‌സിക്ക് നല്‍കേണ്ട അധികപലിശ സര്‍ക്കാര്‍ നല്‍കും. 9.2 ശതമാനം പലിശനിരക്കിലാണ് കണ്‍സോര്‍ഷ്യത്തിലെ മറ്റു ബാങ്കുകള്‍ വായ്പ നല്‍കിയതെങ്കില്‍ കെടിഡിഎഫ്‌സിയുടെ പലിശ 11.8 ശതമാനമാണ്. ഈ അധിക നിരക്ക് സര്‍ക്കാര്‍ തന്നെ നല്‍കുമെന്ന് അറിയിച്ചതോടെയാണ് വായ്പയ്ക്ക് കളമൊരുങ്ങിയത്.
കണ്‍സോര്‍ഷ്യത്തില്‍ നിന്നുള്ള വായ്പ കഴിഞ്ഞദിവസം കെഎസ്ആര്‍ടിസിക്ക് ലഭിച്ചു. നേരത്തെയുണ്ടായിരുന്ന വായ്പകളെല്ലാം തിരിച്ചടയ്ക്കണമെന്ന് ബാങ്കുകള്‍ നിലപാടെടുത്തിരുന്നതിനാല്‍ സര്‍ക്കാര്‍ മുന്‍കൂര്‍ പണം നല്‍കിയാണ് ഈ പ്രതിസന്ധി പരിഹരിച്ചത്.
ഈ സാഹചര്യത്തില്‍ വായ്പയായി ലഭിച്ച പണം സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കും. അഞ്ച് ബാങ്കുകള്‍ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പിന്‍മാറി. വായ്പാ പദ്ധതി അനിശ്ചിതത്വത്തിലായ ഘട്ടത്തിലാണ് അതുവരെ ചിത്രത്തില്‍ ഇല്ലാതിരുന്ന കെടിഡിഎഫ്‌സിയെ രംഗത്തിറക്കി സര്‍ക്കാര്‍ തന്നെ വായ്പയ്ക്ക് കളമൊരുക്കിയത്. സുശീല്‍ഖന്ന റിപോര്‍ട്ടിലെ പെന്‍ഷന്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്തുക, പെന്‍ഷന്‍ 25,000 രൂപയിലൊതുക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടാതെ വന്നതോടെയാണ് ആന്ധ്ര ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പിന്‍മാറിയത്. മാര്‍ച്ച് മാസത്തിലും തീരുമാനം വന്നില്ലെങ്കില്‍ വിജയ ബാങ്കും കനറാ ബാങ്കും പിന്‍മാറുമെന്ന് സര്‍ക്കാരിനെ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കെടിഡിഎഫ്‌സിയെ ഇറക്കുന്നത്. ഇതോടെ കണ്‍സോര്‍ഷ്യത്തിലെ മേധാവിത്വവും കെടിഡിഎഫ്‌സിക്കായി. 1100 കോടി രൂപയാണ് കെടിഡിഎഫ്‌സി വായ്പയായി നല്‍കുന്നത്. 1000 കോടി എസ്ബിഐയും 500 കോടി വീതം വിജയ ബാങ്കും കനറ ബാങ്കുമാണ് നല്‍കുന്നത്. ഈ പ്രതിസന്ധി മറികടന്നപ്പോഴാണ് നിലവിലുള്ള കടം ആദ്യം തിരച്ചടച്ചാല്‍ മാത്രമേ 3,200 കോടിയുടെ പുതിയ വായ്പ അനുവദിക്കൂ എന്ന് കണ്‍സോര്‍ഷ്യം അറിയിച്ചത്. ഇതോടെ സര്‍ക്കാര്‍ കെഎസ്എഫ്ഇയെയും ബെവ്‌കോയെയും സമീപിച്ചു. ഇരുസ്ഥാപനങ്ങളും 1,200 കോടി രൂപ തങ്ങളുടെ ട്രഷറി നിക്ഷേപത്തില്‍ നിന്ന് പിന്‍വലിച്ച് കെഎസ്ആര്‍ടിസിക്ക് നല്‍കി. ഇതുപോലെ പലയിടങ്ങളിലായി താല്‍ക്കാലികമായി കടം വാങ്ങിയും ട്രഷറിയില്‍ ഈ മാസത്തെ ശമ്പളം നല്‍കാന്‍ നീക്കിവച്ച പണവുമെല്ലാം നല്‍കി ആദ്യത്തെ വായ്പകള്‍ പൂര്‍ണമായി തിരിച്ചടച്ചു. ഇതോടെയാണ് പുതിയ വായ്പ ലഭിച്ചത്.
കണ്‍സോര്‍ഷ്യം വായ്പ സാധ്യമായതോടെ കെഎസ്ആര്‍ടിസി നേരിടുന്ന സാമ്പത്തികപ്രതിസന്ധിക്ക് ചെറിയ രീതിയിലെങ്കിലും പരിഹാരമാകുമെന്നാണു വിലയിരുത്തല്‍.
Next Story

RELATED STORIES

Share it