കെജ്‌രിവാള്‍ കേന്ദ്രവുമായി പുതിയ ഏറ്റുമുട്ടലിന്; ഡല്‍ഹിക്ക് സംസ്ഥാന പദവി: കരട് ബില്ല് പുറത്തിറക്കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനോട് പുതിയ ഏറ്റുമുട്ടലിനു വഴിതുറന്ന് ഡല്‍ഹിക്കു സമ്പൂര്‍ണ സംസ്ഥാന പദവി വിഭാവനം ചെയ്യുന്ന കരട് ബില്ല് കെജ്‌രിവാള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തി. പോലിസ്, ഭരണസംവിധാനം, ഭൂമി എന്നിവ പൂര്‍ണമായും സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ നിര്‍ദേശമടങ്ങുന്ന ബില്ലില്‍ ജൂണ്‍ 30വരെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.
ഈ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ബില്ലിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ അമിത്ഷാ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി എന്നിവര്‍ക്കു കത്തയക്കുകയും അവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്നും കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജൂണ്‍ 30നു ശേഷം പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് ബില്ലിന്റെ പൂര്‍ണ രൂപം തയ്യാറാക്കും.
തുടര്‍ന്നു നിയമസഭയില്‍ അവതരിപ്പിക്കാനാണു പദ്ധതി. ഇതു നടപ്പില്‍വരുത്താന്‍ ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.
എഎപിയുടെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഡല്‍ഹിക്കു സമ്പൂര്‍ണ സംസ്ഥാനപദവി നല്‍കും എന്നത്.
Next Story

RELATED STORIES

Share it