kannur local

കെഎസ് ടിപി റോഡ് നിര്‍മാണം : മഴക്കാലത്ത് അപകടസാധ്യത



തലശ്ശേരി: വളവുപാറ-തലശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് പൂക്കോട് മുതല്‍ എരഞ്ഞോളി പാലം വരെയുള്ള ഒമ്പത് കി.മീ. ദൈര്‍ഘ്യത്തില്‍ നിര്‍മാണം പുരോഗമിക്കുന്നുണ്ടെങ്കിലും മഴക്കാലത്ത് അപകടം വര്‍ധിക്കാ ന്‍ സാധ്യത. രണ്ടുവരി പാതയില്‍ റോഡ് നിര്‍മിക്കാന്‍ നേരത്തെയുള്ള ഒരുഭാഗം ആഴത്തി ല്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കുഴിച്ചെടുക്കുന്നതിനാല്‍ മറുഭാഗം പ്രതലത്തില്‍നിന്ന് രണ്ടുമീറ്ററോളം ഉയരത്തിലാണ്. തലശ്ശേരിയില്‍നിന്ന് കൂത്തുപറമ്പിലേക്കും മലയോര ഭാഗങ്ങളിലേക്കും പോവുന്ന നിരവധി ബസ്സുകള്‍ എരഞ്ഞോളി പാലത്തിന് സമീപത്തുനിന്ന് കൊളശ്ശേരി വാടിയില്‍പീടിക വഴി കൂത്തുപറമ്പ് റോഡിലെ നായനാര്‍ റോഡിലാണ് എത്തിച്ചേരുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഇടയ്ക്ക് പെയ്യുന്ന മഴകാരണം പുനര്‍നിര്‍മിച്ച റോഡ് പലയിടങ്ങളിലും തകര്‍ന്നിട്ടുണ്ട്. അധ്യയനവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ റോഡ് നിര്‍മാണം ജാഗ്രതയോടെ നടത്തുന്നതില്‍ കരാറുകാര്‍ അലംഭാവം കാട്ടുകയാണ്. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയില്ല. എരഞ്ഞോളി പാലത്തില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് പതിവാണ്. മഴ പെയ്തതോടെ പലയിടങ്ങളിലും ചളിക്കുളമായിട്ടുണ്ട്. പൂക്കോട് മുതല്‍ എരഞ്ഞോളി പാലം വരെ റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള കച്ചവടസ്ഥാപനങ്ങളും മറ്റും തുറന്നുപ്രവര്‍ത്തിക്കാന്‍ പോലും കഴിയുന്നില്ല. നേരത്തെയുണ്ടായിരുന്ന റോഡ് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ആഴത്തില്‍ കുഴിച്ചതോടെ ഇരുഭാഗങ്ങളിലെയും ശുദ്ധജലപൈപ്പുകള്‍ പൊട്ടിപ്പൊളിഞ്ഞു. വാര്‍ത്താവിനിമയ സംവിധാനത്തിന് ഉപയോഗിച്ചിരുന്ന കേബിളുകളും പലയിടത്തും മുറിഞ്ഞുകിടക്കുകയാണ്. മിക്ക ദിവസങ്ങളിലും വൈകീട്ട് ഏഴിനുശേഷം വാഹനങ്ങള്‍ ക്രമംതെറ്റിച്ചാണ് കൂത്തുപറമ്പിലേക്കും കൂത്തുപറമ്പ് ഭാഗത്തുനിന്ന് തലശ്ശേരിയിലേക്കും ഓടുന്നത്. സര്‍ക്കാര്‍ തലത്തിലോ പിഡബ്ല്യൂഡി എന്‍ജിനീയറിങ് തലത്തിലോ ശക്തമായ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാണ്. രാപക ല്‍ ഭേദമന്യേ പ്രവൃത്തി നടത്തിയിരുന്നെങ്കില്‍ നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം മെയ് 31നകം തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ എന്‍ജിനീയറിങ് ഉദ്യോഗസ്ഥരുടെ താല്‍പര്യക്കുറവും രാത്രികാല പ്രവൃത്തി നിരീക്ഷിക്കാനുള്ള മടിയുമാണ് റോഡ് നിര്‍മാണം ഇത്രയേറെ പ്രതിസന്ധിയിലാക്കിയത്.
Next Story

RELATED STORIES

Share it