Flash News

കെഎസ്‌യു മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം



കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പിജി കോഴ്‌സുകളുടെ ഫീസ് വര്‍ധനയ്‌ക്കെതിരേ കെഎസ്‌യു പ്രവര്‍ത്തകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. ഡിസിസി ഓഫിസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഡിഇഒ ഓഫിസിനു മുമ്പില്‍ പോലിസ് തടയുകയായിരുന്നു. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് ചെറിയതോതില്‍ ലാത്തി വീശി. പാര്‍ക്ക് അവന്യൂ റോഡിലെ ഗതാഗതം നിരോധിച്ച പോലിസ് ബാരിക്കേടുകളുപയോഗിച്ച് മാര്‍ച്ച് തടഞ്ഞതോടെ അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്കുനേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മന്ത്രി കെ കെ ശൈലജയുടെ കോലം കത്തിച്ചു.പിരിഞ്ഞു പോവണമെന്ന് പോലിസ് ആവശ്യപ്പെട്ടെങ്കിലും  പ്രവര്‍ത്തകരോട് റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് 15 ഓളം പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. എറണാകുളം ഡിസിസിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഡിഇഒ ഓഫിസിന് മുമ്പില്‍ ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് എസ് ഭാഗ്യനാഥ് അധ്യക്ഷനായിരുന്നു. മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ തമ്പി സുബ്രഹ്മണ്യം, ദീപക് ജോയ്, കെഎസ്‌യു സംസ്ഥാന സെക്രട്ടറിമാരായ അനൂപ് ബ്രിട്ടന്‍, പി എച്ച് അസ്‌ലം, പി ആര്‍ രാംലാല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it