കെഎസ്ടിയു നേതാക്കള്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: 2016 ജൂണ്‍ മുതല്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിയു സംസ്ഥാന ഭാരവാഹികള്‍ ചീഫ് സെക്രട്ടറി ടോം ജോസുമായി ചര്‍ച്ചനടത്തി.
കഴിഞ്ഞ രണ്ടരവര്‍ഷമായി സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളില്‍ രാജി, മരണം, വിരമിക്കല്‍, സ്ഥാനക്കയറ്റം, അധിക തസ്തികകള്‍, ദീര്‍ഘകാല അവധികള്‍ തുടങ്ങിയ തസ്തികകളില്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവ് 29/16 ദുര്‍വ്യാഖ്യാനം നടത്തുകയും അതിന്റെ മറവില്‍ കെഇആര്‍ ഭേദഗതി ചെയ്യുകയുമാണ് ഇടതുസര്‍ക്കാര്‍ ചെയ്തതെന്നു ഭാരവാഹികള്‍ ആരോപിച്ചു. ഇത് സുപ്രിംകോടതിയില്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ചോദ്യംചെയ്തതിനെ തുടര്‍ന്ന് തടഞ്ഞുവച്ചിരിക്കുകയാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ തസ്തികകളില്‍ നിയമനാംഗീകാരം ലഭിക്കുന്നതിന് ഒരുതടസ്സവുമില്ല.
മനപ്പൂര്‍വം അപ്രഖ്യാപിത നിയമന നിരോധനം നിലവില്‍ കൊണ്ടുവന്ന് അധ്യാപകരെ പീഡിപ്പിക്കുകയാണ്. ഇതിന് അടിയന്തര പരിഹാരമുണ്ടാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അധ്യാപകരുടെ ന്യായമായ ഈ ആവശ്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
അധ്യാപക പാക്കേജ്മൂലം നിയമനാംഗീകാരം ലഭിച്ചവരുടെ മുന്‍കാല സര്‍വീസ് പരിഗണിക്കുക, ഇന്‍ക്രിമെന്റ് തടഞ്ഞ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേതാക്കള്‍ ഉന്നയിച്ചു.
സംസ്ഥാന പ്രസിഡന്റ് എ കെ സൈനുദ്ദീന്‍, ജനറല്‍ സെക്രട്ടറി വി കെ മൂസ, ഖജാഞ്ചി കരീം പടുകുണ്ടില്‍, ഭാരവാഹികളായ പി കെ എം ഷഹീദ്, പി കെ അസീസ്, യൂസഫ് ചേലപ്പള്ളി, ജിജുമോന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it